ഒടുവിൽ ഇന്ത്യയെ മറികടന്നു
ബംഗ്ലാദേശിൽ എണ്ണവില 17 ശതമാനം വര്‍ധിപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ എണ്ണവിലയിൽ 17 ശതമാനം വരെ വര്‍ധനവ് വരുത്തി. ഇറാൻ യുദ്ധം അനിശ്ചിതമായി തുടരുന്നതും ഹോര്‍മുസ് കടലിടുക്കിലെ നിശ്ചലാലവസ്ഥയും ചേര്‍ന്നാണ് പ്രതിസന്ധി. തിങ്കളാഴ്ച മുതൽ വര്‍ധന പ്രാബല്യത്തിലായി.
കഴിഞ്ഞ ഏപ്രിലിലും ജൂണിലും വര്‍ധന വരുത്തിയിരുന്നു. ഡീസൽ വില ഇപ്പോൾ 115 ടാക്കയിൽ നിന്ന് 135 ടാക്കയായി ഉയർന്നു. പെട്രോൾ വില 140 ടാക്കയിൽ നിന്ന് 160 ടാക്കയായി. ഒക്റ്റേൻ ഗ്യാസോലിൻ 145 ടാക്കയിൽ നിന്ന് 165 ടാക്കയായി. മണ്ണെണ്ണ വില 135 ടാക്കയിൽ നിന്ന് 155 ടാക്കയായും ഉയര്‍ന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാദേശ് പെട്രോളിയം കോര്‍പ്പറേഷന് എണ്ണ പ്രതിസന്ധിയോടെ 22,876 കോടി ടാക്കയുടെ നഷ്ടം ഉണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ വിലവര്‍ധനയിലൂടെ 10,000 കോടി ടാക്കയുടെ നഷ്ടം നികത്താനാണ് ലക്ഷ്യം വെക്കുന്നത്.
ബംഗ്ലാദേശിൽ പലതവണ വിലവര്‍ധന വരുത്തി എങ്കിലും ഇന്ത്യയിലെക്കാൾ നിരക്ക് കുറവായിരുന്നു. പുതിയ വിലവര്‍ധനയോടെ ഇത് മറികടന്നു. അതായത്, പെട്രോൾ ലിറ്ററിന് 109.48 രൂപയിൽ നിന്ന് 125.12 രൂപയായി വർദ്ധിച്ചു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ലിറ്ററിന് ഏകദേശം 15.64 രൂപയുടെ വർദ്ധനയാണ്.









0 comments