ഹിമന്ത ശര്‍മ്മയുടെ വാക്കുകൾ അതിരുവിട്ടു, ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ബംഗ്ലാദേശ്

ധാക്ക: അസമിലെ ബിജെപി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അതിരുവിട്ട പദപ്രയോഗങ്ങളിൽ പ്രകോപിതമായി ബംഗ്ലാദേശ്. പ്രസ്താവന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വീണ്ടും ഉലച്ചിലിന് കാരണമായി.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറ്റവും പുതിയ പ്രകോപനം. ബംഗ്ലാദേശിൽ നിന്നുള്ള 20 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി തിരിച്ചയച്ചതായി അറിയിക്കുന്നതിനിടെ ആയിരുന്നു പതിവ് പോലെ മുഖ്യ മന്ത്രിയുടെ പരാമര്‍ശങ്ങൾ. "അസംസ്കൃത സ്വഭാവമുള്ളവർക്ക് മൃദുവായ ഭാഷ മനസ്സിലാകില്ല" എന്നും സമൂഹ മാധ്യമത്തിൽ കുറിച്ചു. അയൽരാജ്യത്തെ പൗരന്മാരെ മൊത്തം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ബംഗ്ലാദേശിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇങ്ങനെയൊരു തിരിച്ചയക്കൽ തന്നെ ഉണ്ടായിട്ടില്ലെന്നും ബംഗ്ലാദേശ് പ്രതികരിച്ചു.
തൊട്ടുപിന്നാലെ ധാക്കയിലെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണർ പവൻ ബാധെയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ ബംഗ്ലാദേശിനെ താഴ്ത്തിക്കെട്ടുന്നതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് വിരുദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഇഷ്രത് ജഹാൻ വ്യക്തമാക്കി. അതിർത്തിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇന്ത്യൻ നേതാക്കൾ സംയമനം പാലിക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു.
ഹിമന്തയുടെ അയൽപക്ക ശത്രുത വിനയായി
ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 2024-ലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷമുള്ള അസ്വാരസ്യങ്ങൾ മാറി. 2026 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റു. അദ്ദേഹത്തിന്റെ ബിഎൻപി നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുമായി പുതിയ തുടക്കത്തിന് ശ്രമം തുടരുകയായിരുന്നു.
ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അയൽ രാജ്യങ്ങളെ മുഴുവൻ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കിയത് നയതന്ത്ര രംഗത്ത് വലിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഇതോടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമങ്ങൾ തുടങ്ങി. ഏപ്രിൽ 8-ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഖലീലുർ റഹ്മാൻ ഇന്ത്യ സന്ദർശിക്കുകയും എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുതിർന്ന ബിജെപി നേതാവ് ദിനേശ് ത്രിവേദിയെ പുതിയ ഹൈക്കമ്മീഷണറായി നിയമിച്ചതും അടുത്തിടെയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ പദവിയിലേക്ക് ഒരു രാഷ്ട്രീയ നിയമനം ഇന്ത്യ നടത്തുന്നത്. ഹൈക്കമ്മീഷണര്‍ ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുൻപാണ് അസം മുഖ്യമന്ത്രി അയൽ രാജ്യത്തെ മനുഷ്യരെ മുഴുവൻ അധിക്ഷേപിക്കുന്ന വാക്കുകൾ ആവര്‍ത്തിച്ചത്.










0 comments