ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഹമീദ് രാജ്യംവിട്ടു

ധാക്ക
ബംഗ്ലാദേശിൽ അവാമി ലീഗിനെതിരെ ഇടക്കാല സർക്കാർ കടുത്ത നടപടികൾ തുടരുന്നതിനിടെ മുൻ പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഹമീദ് രാജ്യംവിട്ടു. കഴിഞ്ഞദിവസം പുലർച്ചെ ധാക്കയിൽനിന്ന് തായ്‌ലൻഡിലേക്കുള്ള വിമാനത്തിൽ ലുങ്കി ധരിച്ചാണ് അദ്ദേഹം പോയതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം വീണ്ടുമൊരു അവാമിലീഗ് നേതാവ് കൂടി രാജ്യവിട്ടതിനെക്കുറിച്ച് ഇടക്കാല സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചു. രക്ഷപ്പെടാൻ സഹായിച്ചെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു. സഹോദരനും ബന്ധുവിനുമൊപ്പം ചികിത്സക്ക് വിദേശത്തുപോയെന്നാണ് കുടുംബത്തിന്റെ വിശദീകരണം.
2013 മുതൽ 2023 വരെ രണ്ടുവട്ടം പ്രസിഡന്റായിരുന്നു ഹമീദ്. ഷേഖ് ഹസീനക്കെതിരായ വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഹമീദിനെതിരെ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ്, മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിനെ ഞെട്ടിച്ച് ഹമീദ് നാടുവിട്ടത്.









0 comments