ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പലായനം ചെയ്തതിന്റെ ദൃശ്യങ്ങൾ പകർത്തിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ എം തഹ്സിഫ് സൗരിയെ(28) ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപാണ് കാണാനില്ലെന്ന വിവരം ലഭിച്ചത്. ഒക്ടോബർ 28നാണ് രാജബാരി ഘട്ടിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
2024 ആഗസ്ത് അഞ്ചിന് ഷെയ്ഖ് ഹസീന വ്യോമസേനാ വിമാനത്തിൽ രാജ്യം വിട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് തഹ്സിഫ് ആയിരുന്നു. ഈ ആരോപണത്തിലൂടെയാണ് തഹ്സിഫ് വാർത്തകളിൽ ഇടം നേടിയത്. ഹസീനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിവാദമുയർന്നിരുന്നു. ആരാണ് പകർത്തിയതെന്നതിനെക്കുറിച്ച് ചർച്ച വന്നതോടെ തഹ്സിഫിന്റെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു.
ഒരു യൂട്യൂബ് പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോൾ, ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിലാണോ വ്യോമസേനയിലെ ജോലി നഷ്ടമായതെന്ന ചോദ്യത്തിന് 'ആയിരിക്കാം' എന്നായിരുന്നു തഹ്സിഫിന്റെ മറുപടി. വിവാദങ്ങളുയർന്നു വന്നപ്പോൾ ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തിന് തെളിവ് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2024 ആഗസ്തിൽ ഹസീനയുടെ പലായനത്തിന് പിന്നാലെയാണ് തഹ്സിഫിനെ വ്യോമസേനാ സർവീസിൽനിന്ന് ഒഴിവാക്കിയത്. വിദേശ രഹസ്യാന്വേഷണ ഏജൻസിയുമായുള്ള ബന്ധം ആരോപിച്ചാണ് തഹ്സിഫിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും സർവീസിൽനിന്ന് പുറത്താക്കിയതെന്നായിരുന്ന റിപ്പോർട്ടുകൾ അന്ന് വന്നിരുന്നു. എന്നാൽ, ബംഗ്ലാദേശ് സൈനിക പബ്ലിക് റിലേഷൻസ് വിഭാഗം നിഷേധിച്ചിരുന്നു. വ്യോമസേനയുടെ ചട്ടങ്ങൾ അനുസരിച്ചാണ് നടപടിയെന്നും ഉദ്യോഗസ്ഥർക്കെതിരെ അത്തരം ആരോപണങ്ങളില്ലെന്നുമായിരുന്നു വിശദീകരണം.
ഒക്ടോബർ 27ന് രാത്രിയാണ് സുഹൃത്തിന്റെ ഫോൺവിളി വന്നതിനെ തുടർന്ന് തഹ്സിഫ് വീട്ടിൽനിന്നിറങ്ങിയത്. തുടർന്ന് മടങ്ങിവരികയാണെന്ന് അമ്മയ്ക്ക് സന്ദേശമയച്ചിരുന്നു. പക്ഷെ വീട്ടിലെത്തിയില്ല. പിറ്റേന്ന് തുരാഗ് നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹത്തോടൊപ്പം ലഭിച്ച മൊബൈൽ ഫോണും വാച്ചും ഉപയോഗിച്ചാണ് തഹ്സിഫ് ആണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.









0 comments