ഒഡിഷയിൽ പ്രളയം രൂക്ഷം; 50,000ത്തോളം പേർ ദുരിതത്തിൽ, ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിക്കും

കനത്ത പ്രളയത്തിൽ ആയിരക്കണക്കിന് ആളുകൾ കുടുങ്ങിയതിനെ തുടർന്ന് ഒഡിഷയിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കി| ഫോട്ടോ: PTI
ഭുവനേശ്വർ: ചുഴലിക്കാറ്റ് അർണബിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒഡിഷയിലെ ഗഞ്ചാം, ഗജപതി ജില്ലകളിൽ പ്രളയം രൂക്ഷമായി. 24 മണിക്കൂറിലേറെയായി ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗഞ്ചാം ജില്ലയിൽ മാത്രം 50,000ത്തോളം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്.
എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ ഹെലികോപ്റ്റർ വഴി ഭക്ഷണപ്പൊതികൾ എത്തിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. നൂറിലധികം രക്ഷാസംഘങ്ങളെ ഇരു ജില്ലകളിലുമായി വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും സഹായവും തേടിയിട്ടുണ്ട്.
ഗഞ്ചാമിലെ പത്രാപുർ ബ്ലോക്കിൽ 24 മണിക്കൂറിനിടെ 54 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ഇത്രയും ശക്തമായ മഴ ഗഞ്ചാമിൽ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. 24 മണിക്കൂറിനിടെ ലഭിച്ച മഴ പ്രദേശത്തെ ശരാശരി വാർഷിക മഴയേക്കാൾ കൂടുതലാണെന്ന് ചീഫ് സെക്രട്ടറി അനു ഗാർഗും വ്യക്തമാക്കി.
റുഷികുല്യ നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. സൊറാഡ, അസ്ക, ഭഞ്ജനഗർ, പുരുഷോത്തംപുർ എന്നിവിടങ്ങളിലാണ് പ്രളയം കൂടുതൽ നാശം വിതച്ചത്. ധരാക്കോട്ട് ബ്ലോക്കിലെ ദസമൈലി ഗ്രാമത്തിൽ പത്തടിയോളം വെള്ളം കയറി. പാലങ്ങൾ തകരുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തതോടെ ഗതാഗതവും തടസ്സപ്പെട്ടു.
അച്ഛുലിക്ക് സമീപം റുഷികുല്യ നദിയുടെ കരയിൽ 30 അടി വീതിയിൽ വിള്ളലുണ്ടായതായും പടശാലയ്ക്ക് സമീപത്തെ പാലം തകർന്നതായും അധികൃതർ അറിയിച്ചു. ഭഞ്ജനഗർ നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.
വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ ബോട്ടുകൾ ഉപയോഗിച്ചുപോലും രക്ഷാപ്രവർത്തകർക്ക് പല പ്രദേശങ്ങളിലും എത്താനായിട്ടില്ല. ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിയാത്ത 21 സ്ഥലങ്ങളിൽ സൈനിക ഹെലികോപ്റ്റർ വഴി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 12 മണിക്കൂറിനിടെ മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവരെ സുരക്ഷിതമായി മാറ്റുന്നതിനും ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്.









0 comments