ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടങ്ങൾ വർധിക്കുന്നു; പത്ത് വർഷത്തിനിടെ 12 സംഭവങ്ങൾ, 21 മരണം

പ്രതീകാത്മക ചിത്രം
ഡെറാഡൂൺ: ആറുപേരുമായി പോയ ഹെലികോപ്റ്റർ ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം തകർന്നുവീണതോടെ സംസ്ഥാനത്തെ ഹെലികോപ്റ്റർ അപകടങ്ങളുടെ വർധന വീണ്ടും ചർച്ചയാകുന്നു. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
2016 മുതൽ 2026 വരെയുള്ള പത്ത് വർഷത്തിനിടെ ഉത്തരാഖണ്ഡിൽ കുറഞ്ഞത് 12 ഹെലികോപ്റ്റർ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ചെണ്ണം വലിയ ദുരന്തങ്ങളായിരുന്നു. ഏഴ് സംഭവങ്ങൾ അടിയന്തര ലാൻഡിങ്, സാങ്കേതിക തകരാറുകൾ, പരിക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.
2020 മുതൽ 2025 വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 12 പ്രധാന ഹെലികോപ്റ്റർ അപകടങ്ങളിൽ ഏഴെണ്ണവും ഉത്തരാഖണ്ഡിലായിരുന്നുവെന്ന് കഴിഞ്ഞ വർഷം കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ രാജ്യസഭയെ അറിയിച്ചിരുന്നു. രാജ്യത്താകെ ഈ അപകടങ്ങളിൽ 30 പേർ മരിച്ചപ്പോൾ 21 മരണങ്ങളും ഉത്തരാഖണ്ഡിലായിരുന്നു. മഹാരാഷ്ട്രയിൽ നാല് അപകടങ്ങളിലായി ഏഴ് പേരും ഛത്തീസ്ഗഢിൽ ഒരു അപകടത്തിൽ രണ്ടുപേരും മരിച്ചു.
2022 ഒക്ടോബറിൽ കേദാർനാഥിലേക്ക് തീർഥാടകരുമായി പോയ ഹെലികോപ്റ്റർ മലനിരകളിൽ തകർന്നുവീണ് ഏഴുപേരും മരിച്ചിരുന്നു. കഴിഞ്ഞ വർഷം മേയ് 8ന് ഉത്തരകാശിയിലും ജൂൺ 15ന് കേദാർനാഥിന് സമീപവും ഉണ്ടായ രണ്ട് അപകടങ്ങളിലായി 13 പേർ മരിച്ചു. 2025ലെ തീർഥാടന പാതയിൽ വെറും 45 ദിവസത്തിനിടെ അഞ്ച് ഹെലികോപ്റ്റർ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തുക, ഉയർന്ന പ്രദേശങ്ങളിൽ പറക്കുന്നതിനുള്ള പൈലറ്റുമാരുടെ പരിശീലനം ശക്തമാക്കുക തുടങ്ങിയ നടപടികൾ വേണമെന്ന് വ്യോമയാന വിദഗ്ധർ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. തീർഥാടകരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളിൽ സമഗ്രമായ മാറ്റം അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വെള്ളിയാഴ്ചത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവൻ ഹെലികോപ്റ്ററുകളും മുൻകരുതൽ നടപടിയായി സർവീസ് നിർത്തിവെച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
അപകടസ്ഥലത്ത് സംസ്ഥാന രക്ഷാസേനയും സൈന്യവും തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേരും പുരുഷന്മാരാണ്. പ്രതാപ, അരുൺ, ശങ്കർ ഗൗഡ, സുധീർ കെ, എച്ച്എസ് നടരാജ, പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു എന്നിവരാണ് യാത്രക്കാർ.
ജോഷിമഠിന് സമീപമുള്ള ഛായി ഗ്രാമത്തിനടുത്ത് ഹെലികോപ്റ്റർ തകർന്നുവീണതായും ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, എസ്ഡിആർഎഫ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എക്സിലൂടെ അറിയിച്ചു.









0 comments