ഡെങ്കി വരുന്നതറിയാം ഡ്യൂസിലൂടെ

വിഘ്നേശ്വർ തോന്നയ്ക്കൽ
Published on Oct 30, 2026, 05:34 PM | 1 min read
മംഗലപുരം: ഡെങ്കിപ്പനി വ്യാപനവും ഗുരുതരാവസ്ഥയുമെല്ലാം പഴങ്കഥയാക്കാൻ ഡ്യൂസ് (ഡിഇഡബ്ല്യുഎസ്). ഡെങ്കിപ്പനി എപ്പോൾ, എങ്ങനെ, എത്രമാത്രം രൂക്ഷതയിൽ വരുമെന്ന് ഇനി ഡ്യൂസ് നോക്കി അറിയാം. ഡെങ്കി ഏർലി വാണിങ് സിസ്റ്റം അഥവാ ഡ്യൂസ് വികസിപ്പിച്ചത് തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയാണ്. ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിവരങ്ങളും കാലാവസ്ഥാ വിവരങ്ങളും ക്രോഡീകരിച്ച് ഡെങ്കിപ്പനി വ്യാപനസാധ്യത അറിയിക്കുന്ന മെഷീൻ ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനമാണിത്. രോഗവ്യാപന സാധ്യത നേരത്തേ വിലയിരുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം. ഐഎവിയിലെ വൈറസ് ജീനോമിക്സ്, ബയോഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. സി എസ് അഭിനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്യൂസ് വികസിപ്പിച്ചത്.
കേരളത്തിലെ ജില്ലകളിലെ ഡെങ്കി റിസ്ക് മാപ്
മഴയുടെ അളവ്, താപനില, അന്തരീക്ഷ മാറ്റം, റിപ്പോർട്ട് ചെയ്യുന്ന ഡെങ്കിപ്പനി കേസുകളുടെ എണ്ണം എന്നീ വിവരങ്ങൾ യോജിപ്പിച്ചാണ് ഗവേഷണം നടന്നത്. 2020 മാർച്ച് മുതൽ 2026 ഫെബ്രുവരിവരെ ആറുവർഷത്തെ വിവരങ്ങളാണ് ഉപയോഗിച്ചത്. കേരള ആരോഗ്യവകുപ്പിൽനിന്നും ഇന്ത്യൻ കാലാവസ്ഥാവകുപ്പിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻകാല രോഗവ്യാപന രീതികളും കാലാവസ്ഥാ വ്യതിയാനങ്ങളും വിശകലനം ചെയ്തു. ഡെങ്കിപ്പനി വ്യാപനസാധ്യതകളെ കുറഞ്ഞത്, മിതമായത്, ഉയർന്നത്, വളരെ ഉയർന്നത് എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചു. ഇക്കഴിഞ്ഞ മാർച്ച് മുതൽ ജൂലൈവരെയുള്ള രോഗനിരീക്ഷണ വിവരങ്ങൾ ആധാരമാക്കി പ്രാഥമിക വിലയിരുത്തൽ നടത്തി. വിവിധ ജില്ലകളിലെ കാലാവസ്ഥ, രോഗവ്യാപന ഘട്ടങ്ങൾ മോഡൽ നടത്തിയ പ്രവചനത്തിന്റെ വിശ്വാസ്യത ഉറപ്പിച്ചു.
ഡോ സി എസ് അഭിനന്ദ്
മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശങ്ങളിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ജനകീയ ബോധവൽക്കരണം നടത്താനും ആരോഗ്യകേന്ദ്രങ്ങൾക്ക് മുന്നൊരുക്കം നടത്താനും സാധിക്കും. ആരോഗ്യ രംഗത്തെ നിരീക്ഷണവും വിദഗ്ധരുടെ അഭിപ്രായവും യോജിപ്പിച്ചുള്ള നടപടികൾ നിർണായകമാകും. ഇതിന് പ്രാരംഭ നടപടികൾ സ്വീകരിച്ചതായി ഐഎവി അധികൃതർ പറഞ്ഞു.
എഐവി ഡയറക്ടർ ഡോ. സി എച്ച് സുരേഷ്, ഡോ. സി എസ് അഭിനന്ദ്, പ്രോജക്ട് ഫെലോ ദേവിക രാജു എന്നിവരാണ് ഡ്യൂസിന് പിന്നിൽ. 2019 ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് എഐവി ഉദ്ഘാടനം ചെയ്തത്.









0 comments