'ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ പേടി തോന്നും; അത്ഭുതമാണ് ആ അഭിനയം കാണുമ്പോൾ': ഖുശ്ബു

ചെന്നൈ: ഒരേ ഫ്രെയിമിൽ ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് പേടി തോന്നാറുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു. സ്ക്രീനിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ അവരിലേക്ക് മാത്രമായി ചുരുങ്ങുമെന്നും അത്ഭുതമാണ് ഉർവശിയുടെ അഭിനയം കാണുമ്പോൾ തോന്നുകയെന്നും ഖുശ്ബു പറഞ്ഞു.
‘മൂക്കുത്തി അമ്മൻ 2’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ഉർവശിയുടെ അഭിനയത്തെ ഖുശ്ബു അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലുമുൾപ്പെടെ ചുറ്റുമുള്ള വിഷയങ്ങളെക്കുറിച്ചെല്ലാം ഉർവശിക്ക് നല്ല ധാരണയുണ്ടെന്നും അവർ പറഞ്ഞു.
ഖുശ്ബുവിന്റെ വാക്കുകൾ:
‘ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും ഞാൻ പേടിക്കാറില്ല. പക്ഷേ, ഒരോ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിയുടെ മുന്നിൽ മാത്രമാണ്. ചിലർ അഭിനയിക്കുമ്പോൾ നമ്മൾ ഒരേ ഫ്രെയിമിലാണെങ്കിൽ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങിയിട്ട് പോകും. പിന്നെ നമ്മൾ എവിടെയാണെന്ന് തിരയേണ്ടിവരും. ഈ സിനിമയിൽ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മൾ എവിടെയെന്ന് നോക്കേണ്ടിവരും. അഭിനയിക്കാൻ ഉർവശി കൂടെ ഉണ്ടെങ്കിൽ അവരുടെ പ്രെസെൻസ് മാത്രമേ സ്‌ക്രീനിൽ നമുക്ക് കാണാൻ സാധിക്കുകയൊള്ളു. ഒരു ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകും. അങ്ങനെയുള്ള അത്ഭുതമായി അഭിനയിക്കുന്ന നടിയാണ് അവർ. ഷീ ഈസ് എ ഫന്റാസ്റ്റിക് ആക്ടർ. സിനിമയിലും രാഷ്ട്രീയത്തിലുമുൾപ്പെടെ ചുറ്റുമുള്ള വിഷയങ്ങളെക്കുറിച്ചെല്ലാം ഉർവശിക്ക് നല്ല ധാരണയുണ്ട്. അവർ എന്നെ കുബു സ്വാമി എന്ന് വിളിക്കും. ഞാൻ അവരെ പൊടി എന്നാണ് വിളിക്കുക. അതാണ് അവളുടെ ചെല്ലപ്പേര്. അത്രയും വർഷമായിട്ടുള്ള സൗഹൃദമാണ് ഞങ്ങളുടേത്. പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഒരു മാറ്റവുമില്ല,’ ഖുശ്‌ബു പറഞ്ഞു.









0 comments