ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം: മരിച്ചത് ഡൽഹി സ്വദേശിയായ പൈലറ്റും ബെംഗളൂരു സ്വദേശികളായ 5 യാത്രക്കാരും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. ബദ്‌രീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച തകർന്നുവീണത്. ഡൽഹി സ്വദേശിയായ പൈലറ്റും ബെംഗളൂരു സ്വദേശികളായ അഞ്ച് യാത്രക്കാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
പശ്ചിമ ഡൽഹി ഷാലിമാർ ബാഗ് സ്വദേശിയായ പൈലറ്റ് ഹിമാൻഷു സബർവാൾ (48) , പ്രതാപ് ബി നിംഗരാജു (41), അരുൺ സാലുങ്കെ (44), സുധീർ കെ (49), എച്ച്എസ് നടരാജ് (51), ശങ്കർ ഗൗഡ വിബി (39) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച അരുൺ സാലുങ്കെ പൊലീസുകാരനും ശങ്കർ ഗൗഡ അഭിഭാഷകനുമാണ്.
ബദ്‌രീനാഥിൽ നിന്ന് ഉച്ചയ്ക്ക് 1.14ന് പുറപ്പെട്ട ട്രാൻസ് ഭാരത് ഏവിയേഷന്റെ VT-HCX നമ്പർ ഹെലികോപ്റ്ററുമായുള്ള ബന്ധം ജോഷിമഠിന് എതിർവശത്തുള്ള ഹാത്തി പഹാഡിലെ ആർമി പോസ്റ്റിന് സമീപം വെച്ചാണ് നഷ്ടമായത്. തുടർന്ന് നടത്തിയ വ്യോമ തിരച്ചിലിൽ ചൈൻ ഗ്രാമത്തിന് സമീപം പുക ഉയർന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ജെപി ഡാമിന് മുകളിലെ വനമേഖലയിൽ ഒരു വെളുത്ത വസ്തു കത്തുന്നതായി വിവരം ലഭിച്ചതോടെയാണ് അപകടസ്ഥലം സ്ഥിരീകരിച്ചത്. കനത്ത മഴയും കുറഞ്ഞ കാഴ്ചപരിധിയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ചാണ് അധികൃതർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്.
ദുരന്തനിവാരണ സേന, ജില്ലാ ഭരണകൂടം, സിവിൽ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.








0 comments