Deshabhimani

റെക്കോഡ് മഴയിൽ ഡൽഹിക്ക് തണുപ്പ്; വായുനിലവാരം മെച്ചപ്പെട്ടു

DELHI AIR QUALITY
വെബ് ഡെസ്ക്

Published on Oct 30, 2026, 07:32 PM | 1 min read

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ താപനില കുറഞ്ഞു. വായുമലിനീകരണത്തിലും വലിയ ആശ്വാസം. വ്യാഴാഴ്ച 363 ആയിരുന്ന വായുനിലവാര സൂചിക (എക്യുഐ) വെള്ളിയാഴ്ച രാവിലെ 78 ആയി കുറഞ്ഞു. ഇതോടെ ഗുരുതര മലിനീകരണത്തിൽനിന്ന് തൃപ്തികരമായ നിലയിലേക്ക് വായുനിലവാരം മെച്ചപ്പെട്ടു.


നാല് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ഒക്ടോബർ മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 61.4 മില്ലിമീറ്റർ മഴ ലഭിച്ചു. മഴയെ തുടർന്ന് പരമാവധി താപനില 25.4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. സാധാരണയേക്കാൾ 5.6 ഡിഗ്രി കുറവാണിത്.


പശ്ചിമ ഹിമാലയത്തിന് മുകളിലെ വെസ്റ്റേൺ ഡിസ്റ്റർബൻസിയും ദക്ഷിണ പഞ്ചാബിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽനിന്നുള്ള കാറ്റും സംയോജിച്ചതാണ് അസാധാരണ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.


അതേസമയം, മഴയെത്തുടർന്നുള്ള മലിനീകരണ നിയന്ത്രണം താൽക്കാലികമായിരിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആകാശം തെളിയുകയും താപനില ഉയരുകയും ചെയ്യുന്നതോടെ മലിനീകരണം വീണ്ടും വർധിക്കാം. നവംബർ രണ്ടാം വാരത്തോടെ സ്ഥിതി കൂടുതൽ മോശമാകാനും സാധ്യതയുണ്ട്.


ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദക്ഷിണേന്ത്യയിൽ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 2, 3 തീയതികളിൽ തീരദേശ ആന്ധ്രപ്രദേശിലും ശക്തമായ മഴ ലഭിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home