കാലടി സർവകലാശാല സമരം: സസ്പെൻഡ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി ഹെെക്കോടതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരായ 16 വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹെെക്കോടതി അനുമതി നൽകി. നവംബർ നാലിന് ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷ എഴുതുവാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുമതി നൽകിയത്.
രീക്ഷാഫീസ് ശനിയാഴ്ച തന്നെ അടയ്ക്കാനുള്ള സൗകര്യം നൽകണമെന്നും ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും സർവകലാശാലക്ക് നിർദേശം നൽകി. പി എസ് അർച്ചന, കെ വി അഭിജിത്ത്, റിതിഷ ഋതു, പി എം അശ്വന്ത്, എം അശ്രിത, ലിബിൻ മാത്യു, കെ ശ്യാംജിത്ത്, അനഘ പി നായർ, ജിഷ്ണു സുരേഷ്, കെ എൽ അതുല്യ, ഡോണ മറിയ, സി പി ശ്രദ്ധ, എം എസ് ശിവകുമാർ, അരുണിമ, എം ഫസ്ന, കെ ബി വിസ്മയ എന്നിവർക്കാണ് പരീക്ഷയെഴുതാൻ അനുമതി നൽകിയത്.
സർവകലാശാലയിൽ സമരത്തിൽ പങ്കെടുത്തതിന് വി സി സിസ തോമസ് പ്രതികാര നടപടിയുടെ ഭാഗമായി എടുത്ത കള്ളക്കേസിലാണ് 16 വിദയാർഥികളെ സസ്പെന്റ് ചെയ്തിരുന്നത്. 60 ദിവസമായി ഇവർ സസ്പെൻഷനിലാണ്. നവംബറിൽ നടക്കാനിരിക്കുന്ന പരീക്ഷക്ക് ഉയർന്ന പിഴയോടെ ഫീസ് അടക്കേണ്ട അവസാന തിയതി 23 ആയിരുന്നു. അന്നും ഫീസ് അടയ്ക്കാൻ അനുവദിക്കാതെ വന്നതോടെ ഹെെക്കോടടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി, മുതിർന്ന അഭിഭാഷകർ ടി എ ഷാജി, അഡ്വ. പി ജി പ്രമോദ് എന്നിവർ ഹാജരായി.









0 comments