Deshabhimani

മുംബൈയുടെ നായകനായി രോഹിത് ശർമ തിരിച്ചെത്തുന്നു

rohith sharma
വെബ് ഡെസ്ക്

Published on Oct 30, 2026, 05:56 PM | 1 min read

മുംബൈ: ഐപിഎൽ 2027 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം രോഹിത് ശർമയ്ക്ക് തിരികെ നൽകാൻ ഫ്രാഞ്ചൈസി തീരുമാനിച്ചതായി റിപ്പോർട്ട്. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത് വീണ്ടും ടീമിനെ നയിക്കും. നായകസ്ഥാനം ഏറ്റെടുക്കാൻ രോഹിത് സമ്മതിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.


അഞ്ച് തവണ മുംബൈയെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രോഹിത്തിനെ തിരിച്ചുകൊണ്ടുവരാൻ ഫ്രാഞ്ചൈസി ഏറെ ശ്രമം നടത്തിയെന്നാണ് വിവരം. കഴിഞ്ഞ സീസണിൽ ഹാർദിക്കിന്റെ നേതൃത്വത്തിൽ 14 മത്സരങ്ങളിൽ പത്തിലും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു.


നായകസ്ഥാനത്തേക്ക് ആദ്യം തിലക് വർമ്മയുടെ പേരാണ് രോഹിത് നിർദേശിച്ചതെന്നും എന്നാൽ ടീമിനെ വീണ്ടും നയിക്കണമെന്ന് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടതോടെ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പുതിയ പരിശീലകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും രോഹിത്തിന്റെ അഭിപ്രായം തേടിയിരുന്നു.


അതേസമയം, ഹാർദിക് പാണ്ഡ്യയുടെ ഭാവിയും ചർച്ചയാകുന്നുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകളുമായി താരത്തെ കൈമാറുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗിക നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കൈമാറ്റം നടന്നില്ലെങ്കിൽ രോഹിത്തിന്റെ നായകത്വത്തിന് കീഴിൽ കളിക്കാൻ ഹാർദിക് തയ്യാറാണെന്നും സൂചനയുണ്ട്.


പുതിയ സീസണിന് മുന്നോടിയായി മുംബൈയുടെ പരിശീലക സംഘത്തിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്. കീറോൺ പൊള്ളാർഡിനൊപ്പം റോബിൻ ഉത്തപ്പ, മിച്ചൽ മക്ലെനഗൻ, ടി ദിലീപ്, ധവാൾ കുൽക്കർണി എന്നിവരും പുതിയ സംഘത്തിന്റെ ഭാഗമാകും. നായകമാറ്റം സംബന്ധിച്ച് മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home