Deshabhimani

അറബ് സഖ്യം ആഹ്വാനം ചെയ്ത് ഇടത് പാര്‍ടി

ഇസ്രയേലിൽ ഭരണ പ്രതിസന്ധി; സഖ്യ സങ്കീര്‍ണതകൾ മറികടക്കാനാവാതെ മുഖ്യ രാഷ്ട്രീയ പാര്‍ടികൾ

israel
വെബ് ഡെസ്ക്

Published on Oct 30, 2026, 05:23 PM | 5 min read

ടെൽ അവീവ്:പെതുതെര‍ഞ്ഞെടുപ്പിന് പിന്നാലെ ഇസ്രയേലിൽ രാഷ്ട്രീയ പാര്‍ടികൾ സഖ്യ സങ്കീര്‍ണതകൾ മറികടക്കാനാവാതെ തുടരുന്നു. ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കിൽ കടുത്ത എതിരാളികളെ കൂടെ കൂട്ടേണ്ട സാഹചര്യമാണ്. ഈ അവസരം മുതലെടുക്കാൻ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സംഘം തീവ്ര ശ്രമത്തിലാണ്. എന്നാൽ പരസ്പരം ഏറ്റുമുട്ടിയ പാർടികളിൽ ആര് കൂടെ പോരും എന്ന പ്രതിസന്ധി നിലനിൽക്കുന്നു. സഖ്യത്തിന് തയാറാവുന്ന പാര്‍ടികളിലെ നയങ്ങളിലെയും ആവശ്യങ്ങളിലെയും വെല്ലുവിളികൾ മറികടക്കുക എങ്ങനെ എന്ന അനിശ്ചിതത്വവും നിലനിൽക്കുന്നു.


ഇതിനിടെ കാവൽ മന്ത്രിസഭ എന്ന നിലയിൽ ഭരണത്തിൽ തുടരാനുള്ള നീക്കവും നെതന്യാഹു പക്ഷം നടത്തിയേക്കാം. വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ രാജ്യത്തെ നയിക്കുക എന്ന ഒത്തുതീര്‍പ്പാവും ഇത്. ഇറാൻ യുദ്ധം തീരുന്നത് വരെ എങ്കിലും നെതന്യാഹു തുടരേണ്ടത് ആവശ്യമാണെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡൊണൾട് ട്രംപ് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇതിനായി ഒരു കരു നീക്കി വെച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്ത് മിന്നുന്ന വിജയം നേടിയ പാര്‍ടികൾ ഇത് അംഗീകരിക്കണമെന്നില്ല. വിശേഷിച്ചും അറബ് പാര്‍ടികൾ നേടിയ തിളങ്ങുന്ന വിജയം പ്രതിപക്ഷ നിരയെ ബലപ്പെടുത്തിയിട്ടുണ്ട്. അനിശ്ചിതത്വം നിലവിലെ ഭരണ കൂടം മുതലെടുക്കുന്നത് തടുക്കാൻ അറബ് പാര്‍ടികളെ ഒപ്പം നിര്‍ത്തണമെന്ന് ഇടതുപക്ഷ പാര്‍ടി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതേ പാര്‍ടികൾക്ക് എതിരെ പ്രചാരണം നടത്തി വിജയം നേടിയ പാര്‍ടികളെ എങ്ങനെ സഖ്യത്തിൽ കൊണ്ടുവരാം എന്ന വെല്ലുവിളി നിലനിൽക്കുന്നു.


നേരത്തെയും ഇസ്രയേൽ സമാനമായ അനിശ്ചതത്വവും ഭരണ പ്രതിസന്ധിയും ആവര്‍ത്തിച്ച് നേരിട്ടിട്ടുണ്ട്. ഇസ്രയേൽ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അസ്ഥിരത നിലനിന്നിരുന്ന കാലഘട്ടമായിരുന്നു 2019 ഏപ്രിൽ മുതൽ 2022 നവംബർ വരെയുള്ള വര്‍ഷങ്ങൾ. മൂന്നര വർഷത്തിനിടെ 5 പൊതുതിരഞ്ഞെടുപ്പുകൾക്കാണ് രാജ്യം അന്ന് സാക്ഷ്യം വഹിച്ചത്. 2019 രണ്ട് തവണയും 2020 ലും 21 ലും 22 ലും ഭരണ മാറ്റങ്ങൾ വേണ്ടി വന്നു. ഇതിൽ 2019 സെപ്തംബറിൽ ആര്‍ക്കും സ‍ർക്കാര്‍ ഉണ്ടാക്കാൻ കഴിയാതെ തെരഞ്ഞെടുപ്പ് നടന്നയുടനെ പിരിച്ചു വിട്ട സാഹചര്യമായിരുന്നു.


ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ ഗുണഭോക്താവും ഒരു പരിധിവരെ കാരണക്കാരനും അന്നും നെതന്യാഹു തന്നെയായിരുന്നു. അന്ന് നേരിട്ട അഴിമതി ആരോപണങ്ങളും കേസുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണം നഷ്ടമായാൽ ഇതിൽ രണ്ട് എണ്ണത്തിൽ എങ്കിലും ശിക്ഷ ലഭിക്കാവുന്ന സാഹചര്യം ഉണ്ട്. ഇത് മറികടക്കാൻ എന്ത് വിട്ടുവീഴ്ചകൾക്കും തയാറാകുമോ എന്ന സംശയവും നിലനിൽക്കുന്നു. ഇത് മാത്രമല്ല യാതൊരു ധാരണയിലും എത്തുവാൻ സാധിച്ചില്ലെങ്കിൽ അടുത്ത വർഷം ആദ്യം രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും. ഇത് നെതന്യാഹുവിന് തന്റെ സഖ്യം ശക്തിപ്പെടുത്താൻ കൂടുതൽ സമയം നൽകും. ഈ സാധ്യതയും നെതന്യാഹു പക്ഷത്തിന് അനുകൂലമായി നിലനിൽക്കുന്നു. പ്രതിപക്ഷം ഇത് തിരിച്ചറിഞ്ഞ് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കുമോ.


എന്താണ് നിലവിലെ സഖ്യ സാധ്യതകൾ


120 അംഗ നെസെറ്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. നിലവിലെ ഫലമനുസരിച്ച് നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 48 സീറ്റുകളുമാണുള്ളത്. അറബ് പാർട്ടികളായ റാമിന് 8 സീറ്റും ജോയിന്റ് ലിസ്റ്റിന് 11 സീറ്റും ലഭിച്ചു. 


നെതന്യാഹു തന്റെ ലിക്വിഡ് പാര്‍ടിക്ക് ഒപ്പം നിലവിലെ തീവ്ര വലതുപക്ഷ (Otzma Yehudit, Religious Zionism), അൾട്രാ-ഓർത്തഡോക്സ് (Shas, UTJ) പാർട്ടികളെ തന്നെ ഉറപ്പിച്ച് നിര്‍ത്താൻ പാടുപെടുന്നതായാണ് വാര്‍ത്തകൾ. ഇതിനൊപ്പം തന്നെ പ്രതിപക്ഷ നിരയിൽ നിൽക്കുന്ന മുൻ സഖ്യകക്ഷികളായ നഫ്താലി ബെനറ്റ് (B'Yachad - 12 സീറ്റ്), അവിഗ്ദോർ ലീബർമാൻ (Yisrael Beiteinu - 7 സീറ്റ്) എന്നിവരെ തിരികെ കൂടെക്കൂട്ടി 61 തികയ്ക്കാനുള്ള വഴികളും ആരായുന്നുണ്ട്.


എന്നാൽ ലീബർമാനും ബെനറ്റും നെതന്യാഹുവുമായി ചേർന്ന് ഭരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ്. കൂടാതെ, അൾട്രാ-ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് (Military Conscription/Haredi draft exemption) ഇളവ് നൽകുന്ന നെതന്യാഹുവിന്റെ നയത്തെ ലീബർമാനും ബെനറ്റും ശക്തമായി എതിർക്കുന്നു. സയണിസ്റ്റ് വംശീയത കത്തിച്ചാണ് ഈ പാര്‍ടികൾ എല്ലാം തെരഞ്ഞെടുപ്പ് നേരിട്ടത് എന്ന ഒരു സമാനത മാത്രമാണ് പൊതുവായുള്ളത്. ഇതാണ് 20 ശതമാനം വരുന്ന അറബ് പാര്‍ടികളെ ഐക്യപ്പെടുത്തിയതും പോളിങ് ബൂത്തുകളിലേക്ക് കൂട്ടത്തോടെ എത്തിച്ചത്. അറബ് പാര്‍ടികൾ എന്നാണ് പേര് എങ്കിലും ഇവയിൽ ജുത ഇതര ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾ എല്ലാം ഉൾപ്പെടുന്നുണ്ട്.


പ്രതിപക്ഷത്തെ ഐക്യ സാധ്യതയും വെല്ലുവിളികളും


ഗാദി ഐസൻകോട്ടിന്റെ (Yashar - 21 സീറ്റ്) നേതൃത്വത്തിലുള്ള പ്രതിപക്ഷ ചേരി നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് മാറ്റാൻ ശ്രമങ്ങൾ ശക്തമായി തുടരുന്നു. പ്രതിപക്ഷത്തെ പ്രമുഖ ഇടത് നേതാവായ 'ഡെമോക്രാറ്റ്‌സ്' പാർട്ടി തലവൻ യായീർ ഗോലാൻ (8 സീറ്റ്) ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളുമായും കൈകോർത്ത് നെതന്യാഹുവിനെ പുറത്താക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അറബ് പാര്‍ടികൾക്കായി ഇദ്ദേഹവും പാര്‍ടിയും ശബ്ദം ഉയര്‍ത്തുന്നു.



ഈ സാഹചര്യത്തിലും ഐസൻകോട്ടിന്റെ ചേരിക്ക് (48 സീറ്റ്) സർക്കാർ ഉണ്ടാക്കണമെങ്കിൽ 19 സീറ്റുകൾ നേടിയ അറബ് പാർട്ടികളുടെ (Joint List & Ra'am) പിന്തുണ അത്യന്താപേക്ഷിതമാണ്. എന്നാൽ ബെനറ്റ്, ലീബർമാൻ തുടങ്ങിയ പല നേതാക്കളും അറബ് പാർട്ടികളുമായി സഹകരിച്ച് ഭരിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇവര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പോലും അറബ് പാര്‍ടി വിദ്വേഷം കൂടി പ്രചരിപ്പിച്ചാണ്.


ഈ സാഹചര്യത്തിൽ പാലസ്തീൻ വിഷയങ്ങളിലുള്ള തർക്കങ്ങൾ കത്തിച്ചു നിര്‍ത്തുകയാണ് ഒരു വിഭാഗം. വംശീയത പടര്‍ന്ന് പിടിച്ചതോടെ ജൂത-വലതുപക്ഷ പാർട്ടികൾ അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള ഭരണത്തെപ്പോലും രാജ്യസുരക്ഷയ്ക്കുള്ള ഭീഷണിയായാണ് വിശേഷിപ്പിക്കുന്നത്. നെതന്യാഹു ഈ അവസരത്തിൽ വംശീയത മുൻനിർത്തി എതിരാളികൾക്കെതിരെ പ്രചാരണം ശക്തമാക്കുന്നുണ്ട്.


അറബ് പാർട്ടികളെ സർക്കാരിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിന് തടസ്സമായി നിൽക്കുന്നത് പ്രധാനമായും അവരുടെ അറബ് വിരുദ്ധ വംശീയത തന്നെയാണ്. അറബ് വംശജരെ പൂർണ പൗരന്മാരായി അംഗീകരിക്കാൻ സയണിസ്റ്റ് ജൂതർക്ക് ബുദ്ധിമുട്ടുണ്ട്.


അറബ് പാർട്ടികളെ ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കാൻ പ്രതിപക്ഷം ‘ധൈര്യം കാണിച്ചാൽ’ നെതന്യാഹുവിനെ താഴെയിറക്കാൻ കഴിയുമെന്നാണ് ജോയിന്റ് ലിസ്റ്റ് നേതാവ് അഹമ്മദ് തിബി വ്യക്തമാക്കിയത്.

പലസ്തീനികൾക്കെതിരെയുള്ള വംശീയതയും പാർശ്വവത്കരണവുമാണോ അതോ യഥാർഥ ജൂത-അറബ് പങ്കാളിത്തമാണോ വേണ്ടതെന്ന് തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അറബ് നേതാവായ യൂസഫ് ജബരീൻ പറയുകയുണ്ടായി. ഈ സാഹചര്യത്തിലും പ്രതിപക്ഷനിരയിൽ ഇടതുപക്ഷ പാർട്ടിയായ 'ഡെമോക്രാറ്റ്സി'ന്റെ നേതാവ് യായർ ഗോലാൻ മാത്രമാണ് അറബ് പാർട്ടികളെ സർക്കാരിൽ ഉൾപ്പെടുത്തണമെന്ന് തുറന്നാവശ്യപ്പെടുന്നത്. വംശീയത അവസാനിപ്പിക്കണമെന്നും ജൂതന്മാരുടെയും അറബികളുടെയും വോട്ടുകൾക്കിടയിൽ നെതന്യാഹു നടത്തുന്ന വംശീയ വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഗോലാന്റെ നിലപാട്. എന്നാൽ ഇസ്രയേൽ കൂടുതൽ രാഷ്ട്രീയ അധികാര ലക്ഷ്യങ്ങൾക്കായി വലതുപക്ഷ പാതയിൽ കൂടുതൽ വംശീയവൽക്കരിക്കപ്പെട്ട സാഹചര്യമാണ്. അറബ് സഖ്യത്തിലും ഇതേ വെല്ലുവിളി നിലനിൽക്കുന്നു. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അറബ് പാ‍ർടികൾക്ക് മുന്നിൽ ഉന്നയിക്കപ്പെട്ടിരുന്നു.


അറബ് പാര്‍ടികളുടെ നിലപാട്


ഇരുപത് ശതമാനം വരുന്ന ജനങ്ങളെ പ്രതിനിധീകരിച്ച അറബ് പാര്‍ടികൾ മുഖ്യ ചര്‍ച്ചയാണ്. തെരഞ്ഞെടുപ്പിൽ ജോയിന്റ് ലിസ്റ്റും (Joint List) റാമും (Ra'am) മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതിൽ മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള 'റാം' പ്രതിപക്ഷ സഖ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 'ജോയിന്റ് ലിസ്റ്റ്' നേരിട്ട് മന്ത്രിസഭയുടെ ഭാഗമാവില്ല എന്ന് വ്യക്തമാക്കി. എന്നാൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പുറത്തുനിന്നുള്ള പിന്തുണ നൽകി ഒരു "ന്യൂനപക്ഷ സർക്കാരിനെ" താങ്ങിനിർത്താൻ തയ്യാറാണെന്ന് പരസ്യ സൂചന നൽകിയിട്ടുണ്ട്.


എന്താണ് അടുത്തത്


ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച പതിവ് പരാതികളിൽ അവസാന തീരുമാനം എടുക്കാനിരിക്കുന്നു. ഇതിന് ശേഷം അന്തിമ ഫലം ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് സമർപ്പിക്കും. തുടർന്ന് പ്രസിഡന്റ് വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി സർക്കാർ രൂപീകരണത്തിനായി പ്രധാന നേതാവിനെ ക്ഷണിക്കും. സർക്കാർ രൂപീകരണം പൂർത്തിയായില്ലെങ്കിലും പുതിയ നെസറ്റ് പാർലമെന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതാണ് പതിവ്. പക്ഷേ സര്‍ക്കാര്‍ രൂപികരണം സാധ്യമായില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലേക്ക് പേകേണ്ടി വരും.


ഈ സാഹചര്യത്തിൽ ഇപ്പോഴത്തേത് രാജ്യത്തിന്റെ അതീവ സംവേദനാത്മകമായ നിമിഷമാണെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് വിശേഷിപ്പിച്ചു. മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് രാജ്യം പോകാതിരിക്കാൻ എല്ലാ രാഷ്ട്രീയ നേതാക്കളോടും ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യം നേരിടുന്ന അനിശ്ചിതത്വത്തെ വെളിവാക്കുന്നതുമാണ് വാക്കുകൾ.



തെരഞ്ഞെടുപ്പ് ഫലം

സീറ്റ് നില


1. ഭരണപക്ഷം / നെതന്യാഹു സഖ്യം (Netanyahu Bloc) - 53 സീറ്റുകൾ


  • ലികുഡ് (Likud): 27 സീറ്റുകൾ (നേതാവ്: ബെഞ്ചമിൻ നെതന്യാഹു)

  • യുണൈറ്റഡ് തോറ ജൂഡായിസം (United Torah Judaism): 7 സീറ്റുകൾ

  • ഒറ്റ്‌സ്മ യെഹൂദിത് (Otzma Yehudit): 7 സീറ്റുകൾ

  • ഷാസ് (Shas): 6 സീറ്റുകൾ

  • റിലിജിയസ് സീയോണിസ്റ്റ് പാര്‍ട്ടി (RZP–Zehut): 6 സീറ്റുകൾ

2. പ്രതിപക്ഷം (Opposition Bloc) - 48 സീറ്റുകൾ

  • യാഷാർ (Yashar): 21 സീറ്റുകൾ (നേതാവ്: ഗാഡി ഐസൻകോട്ട്)

  • ബിയാഹാദ് / ടുഗെദർ (B'Yachad / Together): 12 സീറ്റുകൾ (നേതാവ്: നഫ്താലി ബെനറ്റ്)

  • ഡെമോക്രാറ്റ്‌സ് (The Democrats): 8 സീറ്റുകൾ (നേതാവ്: യായീർ ഗോലാൻ)

  • യിസ്രായേൽ ബെയ്തേനു (Yisrael Beiteinu): 7 സീറ്റുകൾ (നേതാവ്: അവിഗ്ദോർ ലീബർമാൻ)

3. അറബ് പാർട്ടികൾ (Arab-led Parties) - 19 സീറ്റുകൾ

  • ജോയിന്റ് ലിസ്റ്റ് (Joint List): 11 സീറ്റുകൾ

  • റാം (Ra'am): 8 സീറ്റുകൾ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home