കാലടിയിലെ അന്യായ സസ്‌പെൻഷൻ വിദ്യാർഥികൾ ചോദ്യം ചെയ്‌തു; മന്ത്രി റോജി വേദിയിൽ നിന്ന് ഇറങ്ങിയോടി

കാലടി സമരത്തിന് ഐക്യദാർഢ്യവുമായി മഹാരാജാസ് കോളജിൽ ബിരുദ ദാന ചടങ്ങിൽ മന്ത്രി റോജി ജോണിനെതിരെ SFI വിദ്യാർത്ഥികൾ പ്രതിക്ഷേധിക്കുന്നു |ചിത്രം : സുനോജ് നൈനാൻ
കൊച്ചി: മഹാരാജാസ് കോളജിലെത്തിയ മന്ത്രി റോജി എം ജോൺ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വേദിയിൽനിന്ന് ഇറങ്ങിയോടി. കാലടി സർവകലാശാലയിൽ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ 16 വിദ്യാർഥികളെ 60 ദിവസമായി സസ്‌പെന്റ് ചെയ്‌തതിനെ എതിർത്താണ് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ മന്ത്രിയോട് ചോദ്യങ്ങൾ ഉയർത്തിയത്.
കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്. കാലടി വിഷയത്തിൽ തങ്ങൾക്ക് മറുപടി വേണമെന്ന് വിദ്യാർഥികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. കാലടിയിലെ പുറത്താക്കപ്പെട്ട വിദ്യാർഥികളെ മന്ത്രി അപരിഷ്‌കൃതർ എന്നു വിശേഷിപ്പിച്ചതിനെയും ചോദ്യം ചെയ്‌തു. മന്ത്രി മറുപടി പറയാൻ തയ്യാറാകാതിരുന്നതോടെ വിദ്യാർഥികൾ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി. മറുപടിയില്ലാതെ മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.
കാലടി സർവകലാശാലയിൽ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ 16 വിദ്യാർഥികളെ താൽക്കാലിക വിസി സിസ തോമസും സിൻഡിക്കേറ്റും സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. 60 ദിവസമായി വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനിലാണ്. അതിനാൽ വിദ്യാർത്ഥികളെ സെമസ്റ്റർ പരീക്ഷ എഴുതാൻ പോലും അനുവദിക്കാത്തതിനെതിരെയാണ് എസ്എഫ്ഐ നേതൃത്വത്തിൽ മഹാരാജാസിൽ പ്രതികരിച്ചത്. മന്ത്രി റോജി കാലടിയിലെ വിദ്യാര്‍ഥികളെ അപരിഷ്കൃതരെന്ന് വിളിച്ചാക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് കാലടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴേക്കും മന്ത്രി അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തി സംസാരിക്കുകയും പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്നും വിദ്യാര്‍ഥികള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രി വിദ്യാര്‍ഥികളോട് തട്ടിക്കയറി.
കോളേജ് വൈസ് ചെയർപേഴ്സണ്‍ വേദിയിലേക്ക് കയറി സംസാരിക്കാന്‍ ആരംഭിച്ചപ്പോഴേക്കും മൈക്ക് ഓഫാക്കി. ഇതോടെ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി വിദ്യാര്‍ഥികള്‍ വേദിയിലേക്ക് കയറുകയും മന്ത്രിയോട് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യാതൊരു മറുപടിയും പറയാതെ മന്ത്രി ഇറങ്ങിപ്പോയി.








0 comments