സമരം ശക്തമാക്കി എൽപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം : എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം നൽകാതെ സർക്കാർ വഞ്ചിച്ച ഉദ്യോഗാർഥികളുടെ സമരം കൂടുതൽ ശക്തമാകുന്നു. സമരത്തിന്റെ 118 -ാം ദിവസമായ ഒക്ടോബർ 31 ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ പ്രതിഷേധ മാർച്ച് നടത്തും. ഒക്ടോബർ 12 ന് മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളഞ്ഞിരുന്നു.
പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം ഉറപ്പാക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക, കോഴ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്. ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടുന്നു എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം.
റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജോലി നൽകാതെ പിൻവാതിൽ, കോഴ നിയമനങ്ങൾ നടത്തുന്ന നയങ്ങൾക്കെതിരെ യുവതയുടെ ശക്തമായ ശബ്ദമുയർത്തുകയാണ് ലക്ഷ്യം. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ ഒന്നും തന്നെ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നത്.
ഉദ്യോഗാർഥികളെ സർക്കാർ പറഞ്ഞുപറ്റിച്ചതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം നൽകണമെന്നും, അതിനാവശ്യമായ ഒഴിവുകൾ കണ്ടെത്തി നികത്തണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാര സമരവും ഉദ്യോഗാർഥികൾ നടത്തിയിരുന്നു. ഉദ്യോഗാർഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പഠനവിധേയമാക്കുന്നതിനായി സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. തുടർന്ന് 51 ദിവസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച നടന്നെങ്കിലും, ചില ആവശ്യങ്ങൾ മാത്രം അംഗീകരിക്കുകയും പ്രധാന ആവശ്യമായ അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് സമരം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.









0 comments