ചേരാനെല്ലൂർ വാഹനക്കുരുതി: സർക്കാരിന്റേത് ഗുരുതര പിഴവ്, കോടതിയുടെ വിമർശനം

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ബെൻസ് കാറിടിച്ച്, തട്ടുകടക്കാരനെ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനും പ്രോസിക്യൂഷനുമെതിരെ കോടതിയുടെ രൂക്ഷവിമർശനം. അഡീഷണൽ ജഡ്‌ജിയുടെ മകനായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിലെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ക്രിമിനൽ അപ്പീലിന് പകരം, ക്രിമിനൽ അപേക്ഷയാണ് സർക്കാർ കോടതിയിൽ നൽകിയത്.
പ്രോസിക്യൂഷന്റെ അപ്പീൽ അപേക്ഷയിൽ 17കാരന്റെ പേര് ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി. 17-കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് എങ്ങനെ അപ്പീൽ ഫയൽ ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെയാണോ പെറ്റീഷൻ ഫയൽ ചെയ്യേണ്ടതെന്നും 17-കാരന്റെ വിവരങ്ങൾ പങ്കുവയ്ക്കാതെ പുതിയ അപ്പീൽ നൽകാനും കോടതി നിർദേശിച്ചു. വിവരങ്ങൾ പങ്കുവയ്ക്കുന്നത് രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും കോടതി പറഞ്ഞു.
കേസ് എത്രമാത്രം ലാഘവത്തോടെയാണ് യുഡിഎഫ് സർക്കാർ കാണുന്നതെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോടതിയിൽ കണ്ടത്. പ്രതിയായ പതിനേഴുകാരന്റെ പേര് ഒഴിവാക്കിയാണ് എഫ്ഐആർ പോലുമിട്ടത്. പ്രായപൂർത്തിയാക്കാത്ത പ്രതിയുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നത് ഗുരതരകുറ്റമാണെന്ന് കൃത്യമായി അറിയുന്ന സർക്കാർ വക്കീൽ തന്നെയാണ് കുട്ടിയുടെ മുഴുവൻ വിവരങ്ങളും പരസ്യമാക്കിയത്.
യുഡിഎഫ് സർക്കാരും പൊലീസും തുടക്കംമുതൽ പ്രതിക്കും കുടുംബത്തിനുമൊപ്പമാണ് നില കൊണ്ടത്. ഞായർ പുലർച്ചെ 2.20ന് നടന്ന അപകടത്തിൽ രാവിലെ 7.34നാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നത്. ദുർബല വകുപ്പുകളാണ് എഫ്ഐആറിൽ ചുമത്തിയത്. അശ്രദ്ധമായി വാഹനമോടിക്കൽ, അശ്രദ്ധമൂലമുള്ള മരണം എന്നിവയായിരുന്നു വകുപ്പ്. അധികം വൈകാതെ പ്രതിയെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കാതെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടുകയും ചെയ്തു.









0 comments