ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ മറുപടി; തിരുത്തി മാപ്പ് പറയണം: വീണ ജോർജ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ മറുപടിയാണെന്നും അതു തിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്നും മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന മന്ത്രി കെ മുരളീധരൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.
നിപ പോലുള്ള വളരെ സെൻസിറ്റീവായ വിഷയത്തിൽ എങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് ഇങ്ങനെയൊരു മറുപടി പറയാൻ കഴിയുന്നത്. നിപ രോഗികളുടെ കൃത്യമായ രേഖകൾ സർക്കാരിന്റെ പക്കലുണ്ട്. എന്തെല്ലാം മരുന്നുകൾ കൊടുത്തു, എന്ത് ചികിത്സ നൽകി എന്നതിന്റെ എല്ലാ രേഖയും സർക്കാരിന്റെ പക്കലുണ്ട്. എന്നിട്ടും ഇത്തരത്തിലൊരു മറുപടി പറഞ്ഞത് മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതാണ്. തിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്ന് വീണാ ജോർജ് പറഞ്ഞു.
ആകെ അഞ്ച് നിപ രോഗികൾക്കാണ് മരുന്ന് കൊടുത്തിട്ടുള്ളത്. മരുന്ന് സ്വീകരിച്ചവർ എല്ലാം ഇന്ന് ജീവിച്ചിരിപ്പുണ്ട്. നിപയുടെ മരണനിരക്ക് 70%ത്തിന് മുകളിലാണ്. കേരളത്തിൽ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു. ഏറ്റവും വിജയകരമായ മരുന്നാണ് നൽകിയത്. 2023 ജൂലൈയിൽ മരുന്നിന്റെ കാലാവധി കഴിയുകയാണെങ്കിൽ ഒരു ഗോഡൗണിൽ നിന്നും മറ്റൊരു ഇൻസ്റ്റിറ്റ്യൂഷനിലേക്ക് കൊണ്ടുപോകാൻ പോർട്ടലിൽ മാറ്റം വരുത്തണം. അങ്ങനെ മാറ്റം വരുത്തിയാൽ പോർട്ടൽ ലോക്ക് ആകും. പിന്നെ ആ മരുന്ന് കൊണ്ടുപോകാൻ സാധിക്കില്ല' വീണാ ജോർജ് വ്യക്തമാക്കി.
'മരുന്നിൽ കാലാവധി തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് മരുന്ന് വാങ്ങിച്ചുവെന്ന് ആരോഗ്യമന്ത്രി പറയുന്നത് കേട്ടു. ഇപ്രാവശ്യം മരുന്നുവാങ്ങിയത് ബഹറൈനിൽ നിന്നല്ലേ. ബഹറൈൻ വിദേശരാജ്യം അല്ലേ. സാധാരണക്കാർക്ക് പോലും കാലാവധി മരുന്നിൽ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാൻ കഴിയും. ഒരു സുപ്രഭാതത്തിൽ വന്നിട്ട് എത്രപേർ മരിച്ചു എന്നറിയില്ല എന്നൊക്കെ മന്ത്രി പറയുകയാണ്. തീർത്തും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വീണ ജോർജ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.









0 comments