Deshabhimani

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിന് 10 വർഷം തടവ്; രക്ഷിക്കാനെത്തിയ യുവാവിനും കുത്തേറ്റിരുന്നു

knife

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 30, 2026, 04:12 PM | 1 min read

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിക്കുകയും രക്ഷിക്കാനെത്തിയ യുവാവിനെ ആക്രമിക്കുകയും ചെയ്ത 32 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 10 വർഷം കഠിനതടവ്. നാസിം ദാവൂദ് ഖാനെയാണ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2021ലെ ആക്രമണത്തിൽ ഭാര്യ റുബീനയുടെ ഇരുകൈകൾക്കും 40 ശതമാനം സ്ഥിരവൈകല്യം സംഭവിച്ചിരുന്നു.


2016ലാണ് നാസിമും റുബീനയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്. കഞ്ചാവിന് അടിമയായിരുന്ന നാസിം ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇതേത്തുടർന്ന് ആക്രമണത്തിന് എട്ട് മാസം മുമ്പ് റുബീന സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചിരുന്നു.


2021 നവംബർ 29ന് ഭാര്യയെ തിരികെ കൊണ്ടുപോകണമെന്ന ആവശ്യവുമായി നാസിം റുബീനയുടെ വീട്ടിലെത്തി. വിസമ്മതിച്ചതോടെ മടങ്ങിപ്പോയ ഇയാൾ അരമണിക്കൂറിന് ശേഷം കത്തിയുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. റുബീനയെ നിലത്തിട്ട് പലതവണ കുത്തിയ പ്രതി, രക്ഷിക്കാൻ ശ്രമിച്ച തൊഴിലാളിയായ മുഹമ്മദ് ഇസാഖിനെയും കുത്തി. പിന്നീട് നാട്ടുകാർ ചേർന്നാണ് പ്രതിയെ കീഴടക്കിയത്.


കൊലപാതകശ്രമത്തിന് 10 വർഷം കഠിനതടവും 20,000 രൂപ പിഴയും മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിച്ചാൽ മതിയാകും.


പിഴത്തുകയിലെ 20,000 രൂപ റുബീനയ്ക്കും 5,000 രൂപ ദൃക്സാക്ഷിക്കും നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ മഹാരാഷ്ട്ര വിക്ടിം കോമ്പൻസേഷൻ പദ്ധതി പ്രകാരം റുബീനയ്ക്ക് അധിക നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കേസ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home