Deshabhimani

ഉത്തരാഖണ്ഡിൽ ആറുപേരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; രക്ഷാപ്രവർത്തനം ആരംഭിച്ചു

helicopter crash

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 30, 2026, 03:24 PM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ആറുപേരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു. അപകടം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിരീകരിച്ചു. പൈലറ്റുൾപ്പെടെ ആറുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.


ജോഷിമഠ്–ബദരീനാഥ് പാതയിൽ ഹാത്തി പർവത് മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മഞ്ഞുവീഴ്ചയ്ക്കിടെ ഉച്ചയ്ക്ക് 2.15ഓടെ ബദരീനാഥിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററുമായുള്ള ബന്ധം പിന്നീട് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ തകർന്നുവീണതായി വിവരം ലഭിച്ചു.


ജോഷിമഠിന് സമീപമുള്ള ഛായി ഗ്രാമത്തിനടുത്താണ് അപകടമുണ്ടായതെന്ന് മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്.



സംഭവം താൻ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന ചികിത്സാകേന്ദ്രങ്ങളിലേക്ക് ഉടൻ മാറ്റാൻ നിർദേശം നൽകിയതായും യാത്രക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ജോഷിമഠ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ വശിഷ്ഠും സ്ഥിരീകരിച്ചു. സൈന്യം, എസ്ഡിആർഎഫ് , പൊലീസ്, ആരോഗ്യവകുപ്പ് സംഘങ്ങൾ അപകടസ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം അറിയിച്ചു.


കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉത്തരാഖണ്ഡിൽ കുറഞ്ഞത് 12 ഹെലികോപ്റ്റർ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം വലിയ അപകടങ്ങളായിരുന്നു. ഏഴ് സംഭവങ്ങൾ അടിയന്തര ലാൻഡിങ്, സാങ്കേതിക തകരാർ തുടങ്ങിയ കാരണങ്ങളുമായി ബന്ധപ്പെട്ടവയാണ്.


കഴിഞ്ഞ വർഷം ജൂണിൽ കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് ഏഴുപേരുമായി പോയ ഹെലികോപ്റ്റർ വനമേഖലയിൽ തകർന്നുവീണ് ഏഴ് പേർ മരിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home