ബാങ്കോക്കിലെ പബ്ബിൽ വൻ തീപിടിത്തം: 27 മരണം; 22 പേരുടെ നില ഗുരുതരം

Photo:Screengrab Reuters
ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ചു. പരിക്കേറ്റ അറുപതിലേറെ പേരിൽ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി ബാങ്കോക്കിലെ ചതുചക് ജില്ലയിലുള്ള റോങ് ബിയർ നാ ലാറ്റ് പ്രാവോ പബ്ബിലാണ് ദുരന്തമുണ്ടായത്.
27 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. അപകടസമയം പബ്ബിനുള്ളിൽ ലൈവ് മ്യൂസിക് പ്രോഗ്രാം നടക്കുകയായിരുന്നു. വേദിയിലെ ലൈറ്റുകൾ പെട്ടെന്ന് അണഞ്ഞതിന് പിന്നാലെ വൻ സ്ഫോടനത്തോടെ തീയും പുകയും പടരുകയായിരുന്നുവെന്ന് പബ്ബിലുണ്ടായിരുന്ന മ്യൂസിക് ബാൻഡ് അംഗം മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിന് പിന്നാലെ ആളുകൾക്ക് ഓടി രക്ഷപ്പെടാൻ പോലും സാധിക്കാതെ വീണുപോയതായും അദ്ദേഹം വ്യക്തമാക്കി.
കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞതാണ് മരണസംഖ്യ ഉയരാൻ കാരണം. ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചത്. പബ്ബിന്റെ മുൻഭാഗത്ത് തീ പടർന്നതോടെ രക്ഷപ്പെടാനായി പലരും ശുചിമുറിയുടെ ഭാഗത്തേക്ക് ഓടിയെങ്കിലും അവിടെ എമർജൻസി വാതിലുകൾ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തത് ശുചിമുറികൾക്ക് സമീപത്ത് നിന്നാണ്. പബ്ബിന്റെ മുൻവാതിലിലൂടെ രക്ഷപ്പെട്ട ഏതാനും പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പബ്ബിന് ആവശ്യമായ ലൈസൻസുകളും എമർജൻസി വാതിലുകളും ഉണ്ടായിരുന്നുവെന്നും എന്നാൽ തീ പെട്ടെന്ന് പടരുകയും പുക നിറയുകയും ചെയ്തതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ബാങ്കോക്ക് ഗവർണർ ചഡ്‌ചാർട്ട് സിത്തിപുന്ത് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. തായ്‌ലൻഡിലെ ടൂറിസം മേഖലയെ നടുക്കിയ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.











0 comments