സ്പെയിനിൽ കാട്ടുതീ പടരുന്നു; മരണ സംഖ്യ 13 ആയി

സ്പെയിനിലുണ്ടായ കാട്ടുതീ| Photo:reuters
ലോസ് ഗല്ലാർഡോസ് : തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി. 93 വയസ്സുകാരിയായ ഇവർക്ക് 20 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പരിക്കേറ്റ മറ്റ് 7 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്; ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
ലോസ് ഗല്ലാർഡോസ് നഗരസഭാ പരിധിയിൽ 7,000 ഹെക്ടറിലധികം (17,300 ഏക്കർ) വനഭൂമിയാണ് കാട്ടുതീയിൽ കത്തിയമർന്നത്. സ്പെയിൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീയാണിത്. ഫ്രാൻസ്, ബ്രിട്ടൻ, ബെൽജിയം എന്നീ രാജ്യങ്ങളിലെ അധികൃതരുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ 10 പേരെ കാണാതായതായി ഫോറൻസിക് സർവീസ് വിഭാഗം അറിയിച്ചു.
മരിച്ചവരിൽ മൂന്ന് ബെൽജിയം പൗരന്മാരുണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ്ച ആരംഭിച്ച കാട്ടുതീ നിലവിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അൻഡലൂഷ്യൻ റീജണൽ ഗവൺമെന്റ് പ്രസിഡന്റ് ഹുവാൻമ മൊറേനോ അറിയിച്ചു. ഇതേത്തുടർന്ന് മാറ്റിപ്പാർപ്പിച്ച ആയിരത്തിലധികം പ്രദേശവാസികൾക്ക് വീടുകളിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. സ്പെയിനിൽ പ്രതിദിനം ശരാശരി 15 മുതൽ 22 വരെ കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.










0 comments