ad
Deshabhimani

സ്വർണപ്പണയ തട്ടിപ്പിനെതുടർന്ന് യുവതികൾ ആത്മഹത്യ ചെയ്ത സംഭവം; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

accused
വെബ് ഡെസ്ക്

Published on Jul 13, 2026, 08:41 AM | 2 min read

കോവളം : സ്വർണപ്പണയ തട്ടിപ്പിനെ തുടർന്ന് യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിലായ പ്രതി സിന്ധു കുമാരിയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ ലഭിക്കും. തുടരന്വേഷണം ഡിസിആർബിക്ക് കൈമാറിയെങ്കിലും നേരത്തേ കസ്റ്റഡിയിൽ വിടുന്നതിന് കോടതി ഉത്തരവ് ഉള്ളതിനാലാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. നാലു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയത്‌. എത്ര ദിവസത്തേക്കാണ് ലഭിക്കുന്നതെന്ന് തിങ്കളാഴ്ച മാത്രമേ അറിയാനാകൂ. ​


ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ബാങ്ക്‌ ശാഖകളിൽ എത്തിച്ച് തെളിവെടുക്കും. കൂടാതെ കെഎസ്എഫ്ഇയുടെ തമ്പാനൂർ ശാഖ, ഇവർ മുമ്പ് നടത്തിയിരുന്ന മുരളി ഫൈനാൻസ്, സ്വർണം വിൽപ്പനയ്‌ക്കായി നൽകിയിരുന്ന കോവളത്തെ സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളിലും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് ചോദ്യം ചെയ്തശേഷം കോടതിക്ക്‌ കൈമാറും. തെളിവെടുപ്പ് ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉൾക്കൊള്ളിച്ച് ബുധനാഴ്ചയോടെ കേസ് ഫയൽ ഡിസിആർബിക്ക് കൈമാറും.


​സ്വർണപ്പണയ തട്ടിപ്പിനെത്തുടർന്ന്‌ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ ഐശ്വര്യ (32) എന്നിവർ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. കോടികളുടെ തട്ടിപ്പിന് മറ്റൊരു യുവാവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇയാളെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരിൽനിന്ന്‌ സുഹൃത്തായ സിന്ധുകുമാരി 70 പവൻ സ്വർണം തട്ടിയെടുത്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ഇരുവരും ഒന്നിച്ചാണ് ശീതള പാനീയത്തിൽ വിഷം കലർത്തിക്കഴിച്ചത്‌.


ഐശ്വര്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അമരവിള ബ്രാഞ്ചിലെയും അഞ്ജു വിഴിഞ്ഞം ബ്രാഞ്ചിലെയും ജീവനക്കാരികളായിരുന്നു. കഴിഞ്ഞ 30ന് ഇരുവരും തിയറ്റർ ജങ്‌ഷനിലെ കടയിൽനിന്ന്‌ ശീതളപാനീയം വാങ്ങി കോവളം ആവാടുതുറ ബീച്ചിലെത്തിയാണ് വിഷം കലർത്തിക്കഴിച്ചത്. മുമ്പ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന പ്രതി, യുവതികളുടെ വിശ്വാസ്യത നേടി. തുടർന്ന് യുവതികൾ ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിൽ ഇടപാടുകാർ പണയംവയ്ക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങിയിരുന്നു. ഇതിന്റെ കമീഷൻ യുവതികൾക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് സ്വർണം തിരികെയെടുക്കാൻ ഇടപാടുകാർ എത്തിയപ്പോൾ പ്രതി നൽകിയില്ല. ഇതോടെ യുവതികൾ കടം വാങ്ങി ഇടപാടുകാർക്ക്‌ സ്വർണം വാങ്ങി നൽകേണ്ടിവന്നു. കടബാധ്യത കൂടിയതോടെ യുവതികൾ പ്രതിസന്ധിയിലായി.


ആത്മഹത്യചെയ്യുന്നതിന് ഒരാഴ്ച മുമ്പ് യുവതികൾ പ്രതിയെ കണ്ട് സ്വർണം തിരികെ ആവശ്യപ്പെട്ടിരുന്നു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന്‌ പറഞ്ഞപ്പോൾ ‘നീ പോയി ചാകെടി’ എന്ന് പ്രതി പറഞ്ഞതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

പ്രതിക്കെതിരെ കൂടുതൽ കേസുകൾ


അഞ്ജു 20 പവനും ഐശ്വര്യ 50 പവനുമാണ്‌ പ്രതിക്ക്‌ കൈമാറിയത്‌. കൈക്കലാക്കിയ സ്വർണം പ്രതി കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ വിറ്റു. വിൽക്കാനാണ് ഏൽപ്പിച്ചതെന്നാണ്‌ ഇവർ പൊലീസിനോട് പറഞ്ഞത്‌. എന്നാൽ ഇവർക്കെതിരെ പന്ത്രണ്ടോളം പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിന്ധുകുമാരിയുടെ വീട് റെയ്ഡ് ചെയ്‌തപ്പോൾ വ്യാജ വിസിറ്റിങ്‌ കാർഡുകളും വ്യാജ ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു.


തട്ടിച്ചെടുത്ത പണംകൊണ്ട് സിന്ധു ആഡംബര ജീവിതം നയിക്കുകയായിരുന്നു. വീടിന് സമീപം മറ്റൊരു വീടിന്റെ നിർമാണം നടന്നിരുന്നു. ഇവരുടെ മകൾ യുകെയിലും മകൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനുമാണ്. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് വിവരങ്ങൾ, ഫോൺ വിവരങ്ങൾ എന്നിവ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home