നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖയിൽ വീണ്ടും മാറ്റം; കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതം തുടരും


സ്വന്തം ലേഖകൻ
Published on Jul 13, 2026, 09:11 AM | 2 min read
കൊല്ലം : നിർമാണത്തിലിരിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന്റെ രൂപരേഖയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്ങ് മാറ്റം നിർദേശിച്ചതോടെ കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും നീളുമെന്ന് ഉറപ്പ്. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് ഒന്നാം കവാടത്തിൽനിന്നുള്ള നടപ്പാലം നിലനിർത്തി ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാനാണ് ശനിയാഴ്‌ച കൊല്ലത്തെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രൂപരേഖ വീണ്ടും തയ്യാറാക്കി സാങ്കേതിക അനുമതി ഉൾപ്പെടെയുള്ളവ പൂർത്തിയാക്കണം. വിവിധ തലങ്ങളിലെ അനുമതിയും വേണ്ടിവരും. ഇതിനായി മാസങ്ങളുടെ കാലതാമസം ഉണ്ടാവും.
നിലവിൽ നിർമാണത്തിന്റെ പേരിൽ സ്‌റ്റേഷനിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറെയാണ്. അടുത്തിടെ കോടികൾ ചെലവഴിച്ച് നിർമിച്ച മേൽപ്പാലം നിലനിർത്തി, സ്‌റ്റേഷൻ നവീകരണം നടത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നതാണ്. എന്നാൽ, അതൊന്നും പരിഗണിക്കാതെയാണ് പുതിയ ടെർമിനൽ കെട്ടിടത്തിന്റെ രൂപരേഖ അധികൃതർ തയ്യാറാക്കിയത്. അധികൃതരുടെ ദീർഘവീക്ഷണക്കുറവിൽ സംഭവിച്ചിരിക്കുന്നത് നിർമാണത്തിൽ വീണ്ടും ഉണ്ടാകുന്ന കാലതാമസമാണ്. രൂപരേഖയിൽ മാറ്റം വരുന്നത് ഇത് മൂന്നാംതവണയാണ്.
361 കോടി രൂപയുടെ നവീകരണം ഏറ്റവും ഒടുവിൽ പുതുക്കിയ തീയതിപ്രകാരം ഇൗവർഷം ജനുവരിയിൽ പൂർത്തിയാക്കണമായിരുന്നു. അതുംകഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോഴും നിർമാണം 53 ശതമാനം മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ എന്ന് റെയിൽവേ തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരിക്കുകയാണ്. ഇനി പുതിയ ടെർമിനൽ കെട്ടിടത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തുന്നതോടെ നിർമാണം വീണ്ടും എത്രനാൾ നീളുമെന്ന് അധികൃതർക്കും ഒരുകണക്കില്ല. ഇഴഞ്ഞുനീങ്ങിയ നിർമാണം ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനം പ്രമാണിച്ച് അടുത്തിടെ സജീവമാക്കിയിരുന്നു.
കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. നിർമാണം എത്രയുംവേഗം പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ എല്ലാം സഹിക്കുകയാണ്. പ്ലാറ്റ് ഫോമുകളിൽനിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഇരിക്കാൻ ഇരിപ്പിടവുമില്ല. മേൽക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമുകൾ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലും. മഴയായാൽ യാത്രക്കാർ നനയും. താൽക്കാലിക ഷെഡ്ഡിലാകട്ടെ ഉന്തും തള്ളുമില്ലാതെ ടിക്കറ്റെടുക്കാനും പറ്റില്ല. ഷീറ്റിട്ട താൽകാലിക ഷെഡായതിനാൽ അകത്ത് കനത്ത ചൂടാണ്. ഇവിടെ കൗണ്ടറുകളുടെ എണ്ണവും ഒന്നായി വെട്ടിച്ചുരുക്കി. മെയിൻ കവാടവും അടച്ചുപുട്ടി. മൾട്ടിലെവൻ കാർപാർക്കിങ് കോംപ്ലക്‌സ്, ആർപിഎഫ്, റെയിൽവേ പൊലീസ് കെട്ടിടം, പാർട്‌സൽ വിഭാഗം കെട്ടിടം എന്നിവയുടെ നിർമാണമാണ് ഇതിനകം പൂർത്തീകരിച്ചിട്ടുള്ളത്. സ്‌റ്റേഷൻ മാസ്‌റ്റർ, മാനേജർ, ടിക്കറ്റ് കൗണ്ടർ എന്നിവ പ്രവർത്തിക്കേണ്ട മെയിൻ കെട്ടിടത്തിന്റെ പണിയാണ് ഇനി വീണ്ടും നീളുന്നത്. പ്രധാന കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ലോർ കൂടാതെ മൂന്നു നിലകൾ കൂടി നിർമിക്കണം. എയർ കോൺകോഴ്സ്, ഫുട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോം തുടങ്ങിയവയുടെ നിർമാണവും എങ്ങുമെത്തിയില്ല. 135 മീറ്റർ നീളത്തിൽ 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും ബന്ധിപ്പിച്ചാണ് എയർ കോൺകോഴ്സ് നിർമിക്കുന്നത്.










0 comments