ad
Deshabhimani

ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; മിസൈലും ഡ്രോണും തകർത്ത് അമേരിക്ക

Strait of Hormuz

ഹോർമുസ് കടലിടുക്ക്

വെബ് ഡെസ്ക്

Published on Jul 13, 2026, 09:24 AM | 1 min read

വാഷിംഗ്ടൺ/തെഹ്‌റാൻ : ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈന്യങ്ങൾ തമ്മിൽ നേർക്കുനേർ ശക്തമായ ഏറ്റുമുട്ടൽ. തിങ്കളാഴ്ച പുലർച്ചെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെടിയുതിർത്തു. ഇറാൻ വിക്ഷേപിച്ച ക്രൂയിസ് മിസൈലും ഡ്രോണും അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.


അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് നേരെ ഐആർജിസി ഫോഴ്സ് വെടിയുതിർത്തതായി സെന്റകോം വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് വ്യക്തമാക്കി. ഇറാൻ പ്രയോഗിച്ച ക്രൂയിസ് മിസൈലും ഡ്രോണും യുഎസ് വിമാനങ്ങൾ തകർത്തതായും അദ്ദേഹം അറിയിച്ചു.


ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ തെക്കൻ-മധ്യ ഇറാനിലെ ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ്, സിറിക് എന്നിവിടങ്ങളിൽ അമേരിക്ക മണിക്കൂറുകളോളം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചത്. യുഎസ് സേനയുടെ നിയമവിരുദ്ധമായ നീക്കങ്ങൾ ചൂണ്ടിക്കാട്ടി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലവിൽ സാധ്യമല്ലെന്ന് ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് ഇറാൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് കടലിടുക്ക് അടയ്ക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചിരുന്നു.


തെക്കൻ ഇറാനിലെ മഹ്ഷഹറിലുള്ള കാർഷിക വാട്ടർ പമ്പിംഗ് സ്റ്റേഷനിൽ യുഎസ് വിക്ഷേപിച്ച മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ജൂൺ മധ്യത്തിൽ വാഷിംഗ്ടണും തെഹ്‌റാനും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ ധാരണാപത്രത്തിന്റെ ലംഘനമാണ് തിങ്കളാഴ്ച ഉണ്ടായ ഈ ശക്തമായ സൈനിക ഏറ്റുമുട്ടൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home