തിരുനെൽവേലിയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു

തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ 38കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. പറയടി സ്വദേശി ആവുടയ്യപ്പനാണ് കൊല്ലപ്പെട്ടത്. പ്ലംബറായി ജോലി ചെയ്തിരുന്ന ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
ഞായറാഴ്ച തിരുനെൽവേലി–ശങ്കരൻകോവിൽ റോഡിലെ ചുടലമാടൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നുപേർ ആവുടയ്യപ്പനെ തടഞ്ഞുനിർത്തി വെട്ടിയശേഷം രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. മുഖത്ത് ഉൾപ്പെടെ നിരവധി വെട്ടേറ്റിരുന്നു.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ഇതോടെ തിരുനെൽവേലി–ശങ്കരൻകോവിൽ റോഡിൽ ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
പൊലീസ് നടത്തിയ ചർച്ചയ്ക്കുശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തെളിവുകൾ ശേഖരിക്കാൻ പൊലീസ് നായകളെയും സ്ഥലത്തെത്തിച്ചു.
പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.











0 comments