മഹാരാഷ്ട്രയിൽ ജാഗ്രത; മുംബൈയിൽ നേരിയ തോതിൽ മഴ തുടരും

മുംബൈ : മുംബൈ, താനെ, പാൽഘർ ജില്ലകളിൽ ഈ ആഴ്ചയിലുടനീളം നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊങ്കൺ തീരങ്ങളിൽ കനത്ത മഴയ്ക്കും, മറാത്ത്‌വാഡ, വിദർഭ മേഖലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മുംബൈയിലും സമീപ ജില്ലകളിലും വ്യാഴാഴ്ച വരെ നേരിയ മഴ പെയ്യാനാണ് സാധ്യത. റായ്‌ഗഡ്, രത്നഗിരി ജില്ലകളിൽ ബുധനാഴ്ച വരെ നേരിയ മഴയും തുടർന്ന് മിതമായ മഴയും ലഭിക്കും. തീരദേശ ജില്ലയായ സിന്ധുദുർഗിലാണ് ഏറ്റവും ശക്തമായ മഴയ്ക്ക് സാധ്യത. ഇവിടെ ബുധനാഴ്ച മുതൽ ശക്തമായ മഴ പെയ്യും. പുണെ, സത്താറ, കോലാപ്പൂർ തുടങ്ങിയ ജില്ലകളിലെ മലയോര മേഖലകളിലും ഈ ആഴ്ച മിതമായ മഴ ലഭിച്ചേക്കും.
അതേസമയം, വിദർഭയിലെ ബുൽധാന, ചന്ദ്രപൂർ, ഗഡ്ചിരോലി, ഗോണ്ടിയ, നാഗ്പൂർ എന്നീ ജില്ലകളിൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മുതൽ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത കാറ്റിലും മഴയിലും പ്രാദേശികമായി വൈദ്യുതി ബന്ധം തടസപ്പെടാനും കൃഷിനാശത്തിനും സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വിളവെടുത്ത ധാന്യങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും, ഇടിമിന്നലുള്ള സമയങ്ങളിൽ ജനങ്ങൾ തുറസായ സ്ഥലങ്ങളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി.









0 comments