ഇറാന് പിന്തുണ നൽകി: 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈൻ

പ്രതീകാത്മക ചിത്രം (Image Credit: X)
മനാമ : ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ മറവിൽ പൗരന്മാർക്ക് നേരെ കടുത്ത നടപടികളുമായി ബഹ്‌റൈൻ ഭരണകൂടം. പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ നൽകി എന്നാരോപിച്ച് 69 വ്യക്തികളുടെ പൗരത്വമാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.
വിദേശ ശക്തികളുമായി ചേർന്ന് രാജ്യവിരുദ്ധ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് പൗരത്വം പിൻവലിച്ചത്. "ഇറാന്റെ ശത്രുതാപരമായ നടപടികളെ ഇവർ പിന്തുണച്ചു" എന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. എന്നാൽ വ്യക്തമായ വിചാരണയോ നീതിപീഠത്തിന്റെ ഇടപെടലോ ഇല്ലാതെ ഭരണകൂടം നേരിട്ട് പൗരത്വം റദ്ദാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം ശക്തമാണ്.
2019ന് ശേഷം ബഹ്‌റൈനിൽ നടക്കുന്ന ഏറ്റവും വലിയ പൗരത്വ വേട്ടയാണിതെന്ന് ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൈറ്റ്‌സ് ആൻഡ് ഡെമോക്രസി (BIRD) വിശേഷിപ്പിച്ചു. പൗരത്വം നഷ്ടപ്പെട്ടവർ നിലവിൽ രാജ്യത്തിന് അകത്താണോ പുറത്താണോ എന്നതിനെക്കുറിച്ച് മന്ത്രാലയം വ്യക്തത നൽകിയിട്ടില്ല.
അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങൾക്ക് പ്രത്യാക്രമണമായി ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാനെതിരെ ആക്രമണം നടത്തിയത് ഈ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ വഴിയാണെന്നാണ് ഇറാൻ ഉന്നയിക്കുന്ന ആരോപണം. തുടർന്ന് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും ഗൾഫ് രാജ്യങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തി.
ഏപ്രിൽ 8ന് അമേരിക്കയും ഇറാനും പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെത്തുടർന്നാണ് ഈ ആക്രമണങ്ങൾ അവസാനിച്ചത്. ഇറാന്റെ നീക്കങ്ങളെക്കുറിച്ച് ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് ബഹ്‌റൈന്റെ ഈ നീക്കം. ഖത്തർ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളും ഇറാനുമായി ബന്ധമുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് കഴിഞ്ഞ മാസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരിൽ ചിലർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിനാണ് അറസ്റ്റിലായത്.










0 comments