ad
Deshabhimani

ലൂസിയാന ഷോപ്പിങ് മാൾ വെടിവയ്പ്; പ്രതി 17കാരൻ

us mall shooting
വെബ് ഡെസ്ക്

Published on Apr 25, 2026, 09:35 AM | 1 min read

ലൂസിയാന : ലൂസിയാനയിലെ മാളിനുള്ളിലെ ഫുഡ് കോർട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി 17 വയസുകാരനെന്ന് പൊലീസ്. ഇയാളെ അറസ്റ്റ് ചെയ്തു. ബാറ്റൺ റൂഷിലെ മാൾ ഓഫ് ലൂസിയാനയിലാണ് ഇന്നലെ വെടിവയ്പുണ്ടായത്. വെടിവയ്പ്പിൽ കൗമാരക്കാരി കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഫായെറ്റിൽ നിന്നുള്ള 17 വയസ്സുള്ള ഹൈസ്കൂൾ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അസൻഷൻ എപ്പിസ്കോപ്പൽ സ്കൂളിലെ വിദ്യാർഥിനിയുടെ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ 43 വയസ്സുള്ള ഒരാൾ ​ഗുരുതരാവസ്ഥയിലാണ്. കൊലപാതകം, നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചതിന് എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അടുത്തിടെ നടപ്പിലാക്കിയ നിയമപ്രകാരം ലൂസിയാനയിൽ 17 വയസ്സുള്ളവരെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ മുതിർന്നവരായാണ് കണക്കാക്കുന്നത്.


രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മാളിൽ ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഫുഡ് കോർട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ജനങ്ങൾക്കാണ് വെടിയേറ്റത്. വെടിവയ്പിനു പിന്നാലെ മാളിനുള്ളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.


സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഉച്ചയ്ക്ക് 1:30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. ഫുഡ് കോർട്ടിനുള്ളിൽ വച്ച് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഈ ആഴ്ച ലൂസിയാനയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ഞായറാഴ്ച ഷ്രെവ്‌പോർട്ടിലെ രണ്ട് വീടുകളിലായി നടന്ന ആക്രമണത്തിൽ ഒരു പിതാവ് സ്വന്തം കുട്ടികളുൾപ്പെടെ എട്ട് കുട്ടികളെ വെടിവച്ചു കൊന്നിരുന്നു.


കുട്ടികളുടെ അമ്മ ഉൾപ്പെടെ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ പ്രധാന ഉത്സവത്തിനിടെ കറുത്തവർഗ്ഗക്കാരെ വെടിവച്ചുകൊല്ലാനുള്ള അക്രമികളുടെ പദ്ധതി തകർത്തതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ മുൻ നോർത്ത് കരോലിന നിയമപാലക ഉദ്യോഗസ്ഥനെ ഫ്ലോറിഡയിലെ ഒരു ഹോട്ടലിൽ നിന്ന് ഒരു തോക്കും നൂറുകണക്കിന് വെടിയുണ്ടകളുമായി അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home