print edition ക്ഷണിച്ചുവരുത്തിയ ദുരന്തം

വി ജെ വർഗീസ്
Published on Jul 10, 2026, 01:32 AM | 1 min read
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ അപകടസാധ്യതയുണ്ടെന്നും മുൻകരുതല്‍ എടുക്കണമെന്നുമുള്ള വിദഗ്‌ധസമിതിയുടെ പഠന റിപ്പോർട്ട് സർക്കാർ അവഗണിച്ചു. ജൂൺ 14ന് പൊതുമരാമത്ത് വകുപ്പിനും തുരങ്കപാത നിർമാണത്തിന്റെ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷനും ലഭിച്ച റിപ്പോർട്ടില്‍ നടപടിയുണ്ടാവാത്തതാണ് ആറു പേരുടെ ദാരുണാന്ത്യത്തിന് ഇടവച്ച ദുരന്തമുണ്ടാക്കിയത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സീനിയർ ജിയോളജിസ്റ്റ് എ രമേഷ്‌കുമാർ, തുരങ്കപാത നിർമാണത്തിന്റെ കരാർ കന്പനിയായ ദിലീപ് ബിൽഡ്‌കോണിന്റെ സീനിയർ ജിയോളജിസ്റ്റ് രാജു സാഗർ, എൻജിനിയറിങ് കൺസൾട്ടിങ് കന്പനി തുമാസിന്റെ എൻജിനിയർ ഡോ. എച്ച് കെ സിങ് എന്നിവർ ജൂൺ മൂന്നുമുതൽ 11വരെ സ്ഥലത്തെത്തി പഠനം നടത്തിയാണ് അപകടഭീഷണിയും സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദമാക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയത്.
ചരിവുകളിൽ വിള്ളലുണ്ടെന്നും മഴയിൽ വെള്ളമിറങ്ങുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ഓവുചാല്‍ സംവിധാനം കൃത്യമല്ലെന്നും ചരിവുകൾ നിവർത്തണമെന്നും കനത്ത മഴയുള്ളപ്പോൾ ജോലി നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ചു. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു മണ്ണ് നീക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺകൂടിയായ കലക്‌ടര്‍ ഉത്തരവിട്ടത്. പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതോടെയാണ് സ്‌പെഷൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്‌ധസംഘം പരിശോധിച്ച് അപകടസാധ്യത ഉറപ്പിച്ചത്. എന്നിട്ടും സർക്കാർ ഒരുനടപടിയും സ്വീകരിക്കാതെ ദുരന്തം വിളിച്ചുവരുത്തുകയായിരുന്നു.











0 comments