മൃഗങ്ങളുടെ രൂപത്തിൽ വൈദ്യുതി ലൈനുകൾ; സൗന്ദര്യവും പരിസ്ഥിതി സൗഹൃദവും ലക്ഷ്യമിട്ട് ഓസ്ട്രിയയുടെ പുത്തൻ മാതൃക

വിയന്ന: ഭീമാകാരമായ മൃഗരൂപങ്ങളിലുള്ള ശിൽപ്പങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഓസ്ട്രിയയുടെ വൈദ്യുതി ലൈനുകൾ ശ്രദ്ധയാകർഷിക്കുന്നു. ഈ വേറിട്ട ആശയത്തിന് 'ഓസ്ട്രിയൻ പവർ ജയന്റ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ഓസ്ട്രിയൻ പവർ ഗ്രിഡ്, മൈസെൽ ആർക്കിടെക്റ്റ്സ് എന്ന ഡിസൈൻ സ്ഥാപനവുമായി സഹകരിച്ചാണ് ഈ ആശയം വികസിപ്പിച്ചത്. നിലവിൽ, കൊക്ക്, മാൻ എന്നിവയുടെ രൂപത്തിലുള്ള രണ്ട് മാതൃകകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കാനാണ് തീരുമാനം. ഈ ശില്പങ്ങളെ പ്രാദേശിക വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ഓസ്ട്രിയയിലെ ഒമ്പത് ഫെഡറൽ സംസ്ഥാനങ്ങൾക്കും അവിടുത്തെ സാംസ്കാരിക-പ്രകൃതിപരമായ സ്വത്വത്തെ പ്രതിനിധീകരിക്കുന്ന ഒരു മൃഗത്തിന്റെ രൂപത്തിലുള്ള പൈലോൺ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പൈലോണുകൾ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്നെ അതാത് പ്രദേശങ്ങളുടെ അടയാളമായി മാറുമെന്നും എപിജി പറഞ്ഞു. സിംഗപ്പൂരിലെ റെഡ് ഡോട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച ഈ പൈലോൺ മാതൃകകൾക്ക് 'റെഡ് ഡോട്ട് ഡിസൈൻ അവാർഡ് 2025' ലഭിച്ചിരുന്നു.









0 comments