ഇറാൻ- ഇസ്രയേൽ സംഘര്‍ഷം രൂക്ഷമാക്കിയത് യുഎസ് ഇടപെടൽ: സംയമനം പാലിക്കണമെന്ന് ലോക നേതാക്കൾ

ടെൽ അവീവ്: ഇറാനും ഇസ്രയേലും പരസ്പരം പുതിയ ആക്രമണങ്ങൾ ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റ് കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഒരാഴ്ച മുമ്പ് ആരംഭിച്ച സംഘർഷത്തിൽ ഇന്നും അയവില്ലാത്ത ആക്രമണ പ്രത്യാക്രമണങ്ങളാണ് നടക്കുന്നത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ട് ആക്രമണം നടത്തിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളിലേയും സംഘർഷത്തിന് ആക്കം കൂടി.
ടെൽ അവീവ്, ഹൈഫ എന്നിവയുൾപ്പെടെ പ്രധാന ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തി. ഏകദേശം 30 മിസൈലുകൾ വിക്ഷേപിച്ചുകൊണ്ടാണ് ഇറാൻ ആക്രമണം നടത്തിയത്. ഈ ആക്രമണങ്ങളിൽ 80ൽ അധിധികം പേർക്ക് പരിക്കേറ്റതായി ഇസ്രയേലി അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ഇസ്രയേലിലുടനീളമുള്ള ആയിരക്കണക്കിന് സാധാരണക്കാരെ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റി. ടെൽ അവീവ് പോലുള്ള നഗരങ്ങളിലെ തെരുവുകളിൽ തകർന്ന് വീണ കെട്ടിടാവസിഷ്ടങ്ങൾ വൃത്തിയാക്കാൻ അടിയന്തര സംഘങ്ങൾ ദിവസം മുഴുവൻ പ്രവർത്തിച്ചു.
ഇറാനിലേക്ക് പ്രതികാര ആക്രമണങ്ങൾ നടത്തുന്നതിനുള്ള പുതിയ നടപടികൾ ആരംഭിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇറാനിയൻ സായുധ സേനയുടെ മിസൈൽ ലോഞ്ചറുകളും സൈനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. രണ്ട് ഇറാനിയൻ F-5 യുദ്ധവിമാനങ്ങൾ ആക്രമിച്ചതായും ഐഡിഎഫ് അവകാശപ്പെട്ടു.
ഒൻപത് ദിവസം മുമ്പാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇസ്രയേലി ആക്രമണങ്ങളിൽ ഇറാന് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇസ്രയേലി വ്യോമാക്രമണങ്ങളിൽ ഇതുവരെ ഇറാനിൽ 430 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 3,500ഓളം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 24 സാധാരണക്കാർ കൊല്ലപ്പെട്ടതായും 1,200-ലധികം പേർക്ക് പരിക്കേറ്റതായുമാണ് വിവരം.
ഇസ്രയേൽ- ഇറാൻ സംഘർഷത്തിലേക്ക് അമേരിക്കയും പ്രവേശിച്ചതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോർദോ, നഥാൻസ്, എസ്ഫാൻ എന്നിവിടങ്ങളിൽ യുഎസ് സൈന്യം വ്യോമാക്രമണം നടത്തി. ബി-2 ബോംബറുകളും ബങ്കർ തകർക്കുന്ന ബോംബുകളും ഉപയോഗിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
ഇറാന്റെ ആണവ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് അമേരിക്കയുടെ വാദം. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത് ചെയ്യാനാകില്ലെന്നും ഇനി സമാധാനത്തിന്റെ സമയമാണെന്നും ട്രംപ് തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു. അമേരിക്കൻ സൈനികരെ അഭിനന്ദിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
യുഎസ് ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ അപലപിച്ചു. ആക്രമണത്തിന്റെ അനന്തരഫലങ്ങൾ ദീർഘകാലം നിലനിൽക്കും. തങ്ങളുടെ പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഇറാൻ എല്ലാ വഴികളും കരുതിവച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്ക ലംഘനങ്ങൾ ആവർത്തിക്കുന്നതിനാൽ വാഷിംഗ്ടണുമായുള്ള നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത ഇറാൻ നേതൃത്വം തള്ളി.
അതേസമയം, "ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ" ചരിത്ര നിമിഷമാണിത് എന്നാണ് അമേരിക്കയുടെ ആക്രമണത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇറാന്റെ "ആണവ ഭീഷണി" ഇല്ലാതാക്കാൻ ഈ ദൗത്യം ആവശ്യമാണെന്ന് ആക്രമണത്തിന് ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ പിന്മാറാൻ വിസമ്മതിച്ചാൽ കൂടുതൽ ആക്രമണ നടപടിയുണ്ടാകുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇരുരാജ്യങ്ങളിലെയും ആക്രമണത്തിൽ ലോക നേതാക്കൾ ആശങ്കയോടെയാണ് പ്രതികരിക്കുന്നത്. ഇപ്പോഴും മിഡിൽ ഈസ്റ്റിലെ സ്ഥിതി വളരെ അസ്ഥിരമായി തുടരുകയാണ്. നിലവിലെ സാഹചര്യം അപകടകരമാണെന്നും ഇരു രാജ്യങ്ങളും ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഉടൻ സംഘർഷം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്നും റഷ്യ, പാകിസ്ഥാൻ, ജപ്പാൻ, യുകെ തുടങ്ങി നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടു.








0 comments