ad
Deshabhimani

അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിനോദസഞ്ചാര കപ്പലിൽ ഹന്താവൈറസ് ബാധ: മൂന്ന് മരണം

mv hondius

എംവി ഹോണ്ടിയസ്

വെബ് ഡെസ്ക്

Published on May 04, 2026, 06:49 PM | 2 min read

ലണ്ടൻ: അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംവി ഹോണ്ടിയസ് എന്ന പോളാർ ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ബാധയെന്ന് സംശയം. രോഗബാധയെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മരിച്ച മൂന്ന് പേരും ഡച്ച് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കപ്പലിൽ ഒരു സ്ഥിരീകരിച്ച കേസടക്കം ആറ് പേർക്ക് രോഗബാധയുണ്ട്. കൂടാതെ ഒരു ബ്രിട്ടീഷ് പൗരൻ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


രോഗബാധിതനായ 70കാരൻ സെന്റ് ഹെലീന ദ്വീപിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയായ 69കാരി ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. പനി, കഠിനമായ തലവേദന, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എലികളിൽ നിന്ന് പകരുന്ന ഈ വൈറസ് ശ്വാസകോശത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്.


നിലവിൽ കേപ് വെർഡെയുടെ തലസ്ഥാനമായ പ്രയയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ 150-ഓളം വിനോദസഞ്ചാരികളുണ്ട്. കപ്പലിലെ രണ്ട് ജീവനക്കാർക്കും അടിയന്തര ചികിത്സ ആവശ്യമാണെങ്കിലും അവരെ കരയിലിറക്കാൻ പ്രാദേശിക അധികൃതർ ഇതുവരെ അനുമതി നൽകിയിട്ടില്ല. രോഗബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കപ്പൽ ഓപ്പറേറ്റർമാരായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് അറിയിച്ചു.


'കപ്പലിലുണ്ടായിരുന്ന ഡച്ച് ദമ്പതികളാണ് മരിച്ചത്. അതിൽ ഭർത്താവിന് പെട്ടെന്നുണ്ടായ പനിയും വയറുവേദനയും വയറിളക്കവുമാണ് മരണത്തിലേക്ക് നയിച്ചത്. ബ്രിട്ടീഷ് അധീനതയിലുള്ള സെന്റ് ഹെലീന ദ്വീപിൽ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ഭാര്യയെ ദക്ഷിണാഫ്രിക്കയിലേക്ക് വിമാനമാർഗം എത്തിച്ചെങ്കിലും ജോഹന്നാസ്ബർഗിലെ ആശുപത്രിയിൽ വച്ച് ജീവൻ രക്ഷിക്കാനായില്ല.' ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയ വക്താവ് ഫോസ്റ്റർ മോഹലെ പറഞ്ഞു.


'അതീവ ഗുരുതരമായ ഒരു മെഡിക്കൽ സാഹചര്യമാണ് കപ്പലിൽ നിലവിലുള്ളത്. മൂന്ന് യാത്രക്കാരുടെ മരണം ഞങ്ങൾ സ്ഥിരീകരിക്കുന്നു. മറ്റ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രാദേശിക ആരോഗ്യ അധികൃതരുമായി ചേർന്ന് പരിശോധനകൾ നടത്തിവരികയാണ്. രണ്ട് ജീവനക്കാർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെങ്കിലും അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള അനുമതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്.' ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് വക്താവ് വ്യക്തമാക്കി.


'ഹന്താവൈറസ് ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ കാണിക്കാൻ ഒന്ന് മുതൽ എട്ട് ആഴ്ച വരെ സമയമെടുത്തേക്കാം. ഇത്രയും ദൈർഘ്യമേറിയ ഇൻകുബേഷൻ പിരീഡ് ഉള്ളതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ സാധ്യതയുണ്ടോ എന്നത് ആശങ്കാജനകമാണ്.' സിയൂക്സി വൈൽസ് (മൈക്രോബയോളജിസ്റ്റ്) പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home