ad
Deshabhimani

ചൈനയിലെ കൽക്കരി ഖനിയിലെ സ്ഫോടനത്തിൽ 90 മരണം; നിരവധി പേരെ കാണാതായി, തെരച്ചിൽ

Coal Mine

സ്ഫോടന സ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നു (Photo: BBC)

വെബ് ഡെസ്ക്

Published on May 23, 2026, 12:36 PM | 1 min read

ബീജിങ്: ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 പേർ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. ഷാൻക്സി പ്രവിശ്യയിൽ തോങ്ഷൗ ഗ്രൂപ്പ് നടത്തുന്ന ലിയുഷെൻയു കൽക്കരി ഖനിയിലാണ് വാതക സ്ഫോടനം ഉണ്ടായത്. നൂറിലധികം ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. നിരവധി രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചു. അപകടസമയത്ത് 247 തൊഴിലാളികൾ അവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.


സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പൊട്ടിത്തെറിയിൽ, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദ്ദേശിച്ചു. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അപകടത്തിന്റെ കാരണം അന്വേഷിക്കാനും അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഖനി കമ്പനിയുടെ ചുമതലക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


വാതക സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഖനിക്കുള്ളിൽ അതീവ വിഷാംശമുള്ളതും ഗന്ധമില്ലാത്തതുമായ കാർബൺ മോണോക്സൈഡ് വാതകത്തിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. ചൈനയിലെ ദരിദ്ര പ്രവിശ്യകളിലൊന്നായ ഷാൻക്സി, രാജ്യത്തിന്റെ കൽക്കരി ഖനന തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. 2000-കളുടെ തുടക്കത്തിൽ ചൈനയിലെ കൽക്കരി ഖനന വ്യവസായത്തിൽ മാരകമായ അപകടങ്ങൾ പതിവായിരുന്നു. സമീപവർഷങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home