ആഷ്‌ലി ജെ ടെല്ലിസ്
അറസ്റ്റിലായത് ഇന്ത്യ യു എസ് ആണവ കരാറിന് പിന്നിൽ പ്രവർത്തിച്ച നയതന്ത്രജ്ഞൻ

വാഷിങ്ടൺ: ചാരവൃത്തിയുടെ പേരിൽ അമേരിക്കയിൽ അറസ്റ്റിലായ പ്രശസ്ത വിദേശനയ പണ്ഡിതനും ഇന്ത്യൻ വംശജനുമായ പ്രതിരോധ തന്ത്രജ്ഞൻ ആഷ്‌ലി ജെ ടെല്ലിസ് ഇന്ത്യ യു എസ് ആണവ കാരാറിലേക്ക് നയിച്ച രാഷ്ട്ര തന്ത്രജ്ഞരിൽ പ്രധാനിയായിരുന്നു. ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇപ്പോൾ നടപടി.
2008-ലെ യുഎസ്-ഇന്ത്യ സിവിൽ ആണവ കരാറിന്റെ നിർമ്മാതാക്കളിൽ ഒരാളായി ടെല്ലിസ് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറിനെ പോലുള്ള അന്നത്തെ ഇന്ത്യൻ നയതന്ത്രജ്ഞരോടൊപ്പം പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം കരാർ നടപ്പിലാക്കുന്നതിൽ പങ്ക് വഹിച്ചു.
2017 ൽ ട്രംപിന്റെ വൈറ്റ് ഹൗസിലെ ആദ്യ കാലയളവിൽ ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായി ടെല്ലിസിനെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
യു എസിലെ തന്നെ ഒന്നിലധികം ഭരണകൂടങ്ങൾക്ക് കീഴിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം യുഎസ്-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും ശ്രദ്ധേയ സാന്നിധ്യമാണ്.
പ്രസിഡന്റിന്റെ സ്പെഷ്യൽ അസിസ്റ്റന്റായും സ്ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയർ ഡയറക്ടറായും സേവനമനുഷ്ഠിക്കവെ ദക്ഷിണേഷ്യയോടുള്ള യുഎസ് നയം രൂപപ്പെടുത്താൻ അദ്ദേഹം സഹായിച്ചു. വാഷിംഗ്ടൺ തിങ്ക് ടാങ്കായ കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെലോ കൂടിയാണ് അദ്ദേഹം.
64 കാരനായ ടെല്ലിസ് രാജ്യ രക്ഷയെ ബാധിക്കുന്ന രേഖകൾ കൈമാറിയിരിക്കാമെന്ന് യു എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) സംശയം ഉന്നയിക്കുന്നു. ട്രംപ് ഭരണകൂടത്തിനെ ഉൾപ്പെടെ നയതന്ത്ര നയങ്ങളെ നിശിതമായി വിമർശിച്ചിരുന്നു. ഇന്ത്യയിൽ ജനാധിപത്യം ആഭ്യന്തരമായി ദുർബലപ്പെടുന്ന സാഹചര്യം അപകടകരമാവുമെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി.
2001 നും 2003 നും ഇടയിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ റോബർട്ട് ബ്ലാക്ക്‌വില്ലിന്റെ സീനിയർ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ പ്രവർത്തിച്ചിട്ടുണ്ട്. ജോർജ്ജ് ഡബ്ല്യു ബുഷിന്റെ പ്രത്യേക സഹായിയായും തന്ത്രപരമായ ആസൂത്രണത്തിനും തെക്കുപടിഞ്ഞാറൻ ഏഷ്യയ്ക്കും വേണ്ടിയുള്ള സീനിയർ ഡയറക്ടറായും ദേശീയ സുരക്ഷാ കൗൺസിൽ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചു. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ശമ്പളമില്ലാത്ത ഉപദേഷ്ടാവായും പെന്റഗണിന്റെ ഓഫീസ് ഓഫ് നെറ്റ് അസസ്‌മെന്റിലെ സഹകാരിയായും പട്ടികപ്പെടുത്തിയിട്ടുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 250,000 ഡോളർ പിഴയും ലഭിക്കുന്ന കേസാണ്.
ട്രംപ് ഭരണകൂടം രഹസ്യ രേഖകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന നടപടികൾ വരുമെന്ന് മുന്നറിപ്പ് നൽകിയിരുന്നു. കുറ്റവാളികളെ ഒന്നൊഴിയാതെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡും പറഞ്ഞു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ നിന്ന് രഹസ്യ രേഖകൾ ടെല്ലിസ് ആക്‌സസ് ചെയ്യുകയും അച്ചടിക്കുകയും നീക്കം ചെയ്യുകയും ചെയ്തതായി കോടതി രേഖകൾ ആരോപിക്കുന്നു. യുഎസ് സൈനിക വിമാന ശേഷികളുമായി ബന്ധപ്പെട്ട രേഖകൾ ചോർത്തിയതായും പറയുന്നു.









0 comments