ജനങ്ങളെ ആശങ്കയിലാഴ്ത്തി പനാമയിൽ വീണ്ടും ഭൂകമ്പം

പനാമ: ജനങ്ങളെ ആശങ്കയിലാഴ്ത്തി പനാമയിൽ വീണ്ടും ഭൂകമ്പം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ നൽകിയ വിവരമനുസരിച്ച്, തിങ്കളാഴ്ച പനാമയിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂമിക്കടിയിൽ 35 കിലോമീറ്റർ (22 മൈൽ) ആഴത്തിലാണ് ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് അധികൃതർ വ്യക്തമാക്കി.
ഭൂകമ്പത്തിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കുറഞ്ഞത് 27 പേർക്ക് പരിക്കേൽക്കുകയും 900ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ദുരന്തനിവാരണ അധികൃതർ അറിയിച്ചു. വിദൂര മേഖലകളിൽ തിരച്ചിലും പരിശോധനകളും തുടരുന്നതിനാൽ ആളപായത്തിന്റെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ ഇനിയും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
ലോസ് സാന്റോസ് , കൊക്ലെ , വെരാഗുവാസ് , ഹെറേറ എന്നീ പ്രവിശ്യകളെയാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്. വെള്ളിയാഴ്ച പനാമയിലെ മധ്യ പ്രവിശ്യകളിൽ വലിയ നാശനഷ്ടങ്ങൾ വിതച്ച 7.7 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിന് പിന്നാലെ 300ലധികം തുടർചലനങ്ങളാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. തുടർച്ചയായ ഭൂകമ്പങ്ങളും നാശനഷ്ടങ്ങളും കാരണം വാരാന്ത്യത്തിൽ സർക്കാർ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.









0 comments