Deshabhimani

ഇന്ത്യൻ സാങ്കേതികവിദഗ്ധരെ ആവശ്യമുണ്ട്! തൊഴിലവസരങ്ങളുമായി ഡെൻമാർക്ക്

India-Denmark
വെബ് ഡെസ്ക്

Published on Nov 27, 2026, 10:41 PM | 1 min read

ബംഗളൂരു: സാങ്കേതികവിദ്യാ മേഖലയിൽ വർധിച്ചുവരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിലെ പ്രൊഫഷണലുകളെ തേടി ഡെൻമാർക്ക്. ഇന്ത്യയിലെ സാങ്കേതികവിദഗ്ധർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം കൂടുതൽ ശക്തമാക്കുകയുമാണ് ലക്ഷ്യം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബംഗളൂരുവിലെത്തിയ ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഡെൻമാർക്കിലെ സാങ്കേതിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളില്ലാത്ത സാഹചര്യമാണുള്ളത്. ഈ കുറവ് നികത്താൻ ഇന്ത്യയിലെ സാങ്കേതികവിദഗ്ധരെ ഉപയോ​ഗപ്പെടുത്താനാണ് നീക്കം. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ ആകർഷകമായ ഇടമായി ഡെൻമാർക്കിനെ മാറ്റുമെന്നും റാസ്മുസൻ പറഞ്ഞു.


ഡെൻമാർക്ക് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന്റെ കണക്കുകൾ പ്രകാരം നിലവിലെ സാഹചര്യം തുടർന്നാൽ 2040 ആകുമ്പോഴേക്കും സയൻസ്, ടെക്നോളജി, എൻജിനീയറിങ്, സ്റ്റെം മേഖലകളിൽ ഏകദേശം 20,400 ബിരുദധാരികളുടെ കുറവുണ്ടാകാം. രാജ്യത്തെ ഐടി കമ്പനികളിൽ 2024ൽ 33 ശതമാനവും നികത്താനാകാത്ത വിദഗ്ധ തസ്തികകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ഇന്ത്യയിലെ ഗവേഷണ-വികസന മേഖലയുമായും സർവകലാശാലകളുമായും സഹകരണം ശക്തമാക്കുന്നതിലൂടെ സാങ്കേതികവിദഗ്ധരെ കണ്ടെത്തുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ഡെൻമാർക്ക് ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ 25 ടെക്നോളജി ഇന്നൊവേഷൻ ഹബ്ബുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യകളിൽ സംയുക്ത ഗവേഷണം നടത്താനും വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഉദ്ദേശമുണ്ട്.


ഇന്ത്യയുമായുള്ള സാങ്കേതിക പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഡെൻമാർക്ക് ഇന്നൊവേഷൻ സെന്റർ തയ്യാറാക്കിയ 'ആക്സസ് ടു ടെക് ടാലന്റ് ഇൻ ഇന്ത്യ' എന്ന റിപ്പോർട്ടും മന്ത്രി പുറത്തിറക്കി. ഇന്ത്യയിലെ വിദഗ്ധ തൊഴിൽശക്തിയെ ഡെൻമാർക്കിന്റെ സാങ്കേതിക വളർച്ചയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം. നവംബർ 27, 28 തീയതികളിലായുള്ള ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി റാസ്മുസൻ നവംബർ 28ന് ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home