ad
Deshabhimani

ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട്

Sheikh Hasina
വെബ് ഡെസ്ക്

Published on Oct 08, 2025, 08:38 PM | 1 min read

ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അവാമി ലീഗ് ഭരണകാലത്ത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന.


ഷെയ്ഖ് ഹസീന ഉൾപ്പെടെ 29 പേർക്കെതിരെയാണ് കേസ്. ജസ്റ്റിസ് എംഡി ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിടി ബെഞ്ച് രണ്ട് കേസുകളാണ് പരി​ഗണിച്ചത്. അവാമി ലീഗ് ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ വയ്ക്കുന്നതിനും പീഡിപ്പിക്കുന്നതിനും സുരക്ഷാ ഏജൻസികളുടെ രഹസ്യ കേന്ദ്രങ്ങളൾ ഉപയോ​ഗിച്ചെന്നാണ് കേസ്.


ഭരണകക്ഷിയായിരുന്ന അവാമി ലീഗിന്‌ അനുകൂലമാകുംവിധം സംവരണ നയം തിരുത്തിയതിനോടുള്ള പ്രതിഷേധമായി തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം പിന്നീട്‌ രാഷ്ട്രീയ പ്രതിഷേധമാവുകയായിരുന്നു. ഹസീനയുടെ പിതാവ്‌ കൂടിയായ മുജിബുർ റഹ്മാന്റെ വീടും പ്രതിമയുമടക്കം തച്ചുടച്ച പ്രക്ഷോഭകർ പിടികൂടും മുമ്പ്‌ ഹസീന പ്രസിഡന്റിനെ കണ്ട്‌ രാജി അറിയിച്ച്‌ ഇന്ത്യയിലേക്ക്‌ കടക്കുകയായിരുന്നു.


2024 ആഗസ്ത്‌ അഞ്ചിന്‌ ഇന്ത്യയിലെത്തിയ ഹസീനയെ വിചാരണ നേരിടാനായി തിരിച്ചയക്കണമെന്ന്‌ നൊബേൽ ജേതാവ്‌ മുഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ഇടക്കാല സർക്കാർ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഉത്തരവിട്ട ഹസീനയ്ക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളടക്കമുള്ള വകുപ്പുകൾ ചുമത്തി നിരവധി കേസുകളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home