ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ അറസ്റ്റിൽ; നടപടി എപ്സ്റ്റീൻ ഫയൽസ് വിവാദത്തിന് പിന്നാലെ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിൽ. എപ്സ്റ്റീൻ ഫയൽസ് വിവാദത്തിന് പിന്നാലെയാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിലാണ് യുകെ പൊലീസിന്റെ നടപടി. ചാൾസ് രാജാവിന്റെ സഹോദരനാണ് ആൻഡ്രൂ മൗണ്ട്ബാറ്റൻ.
സാൻഡ്രിംഗ്ഹാമിലുള്ള വീട്ടിൽ പൊലീസെത്തിയാണ് മൗണ്ട് ബാറ്റൺ-വിൻഡ്‌സറിനെ അറസ്റ്റ് ചെയ്തത്. മൗണ്ട് ബാറ്റണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ജെഫ്രി എപ്‌സ്റ്റീൻ ഒരു സ്ത്രീയെ യുകെയിലേക്ക് കടത്തിയെന്ന ആരോപണമുണ്ട്. യുകെയുടെ വ്യാപാര ദൂതനായി സേവനമനുഷ്ഠിക്കുമ്പോൾ ജെഫ്രി എപ്‌സ്റ്റീനുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിട്ടതായും പൊലീസ് മുമ്പ് പറഞ്ഞിരുന്നു.
ആൻഡ്രൂവിന്റെയും വിർജീനിയ ജെഫ്രിയുടേയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രം യഥാർഥമാണെന്ന് സ്ഥിരീകരിക്കുന്ന ഗിസ്‌ലൈൻ മാക്സ്‌വെല്ലിന്റെ ഇമെയിലും സമീപകാലത്ത് പുറത്തുവന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ജെഫ്രി എപ്സ്റ്റൈനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനുമെതിരെ വിർജീനിയ ഉന്നയിച്ച ആരോപണങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജെഫ്രി തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും തന്നെ ലൈംഗിക അടിമയായി ഉപയോഗിക്കുകയായിരുന്നുവെന്നും പതിനേഴാം വയസിൽ ആൻഡ്രൂ രാജകുമാരനും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വിർജീനിയ വെളിപ്പെടുത്തിയിരുന്നു.










0 comments