ഗാസയിൽ അനസ് അൽ ഷെരീഫ് ഉൾപ്പെടെ അഞ്ച് മാധ്യമപ്രവർത്തകരെ ഇസ്രയേൽ കൊലപ്പെടുത്തി

അനസ് അൽ ഷെരീഫ്. PHOTO: X
ഗാസ സിറ്റി: ഗാസയിൽ അനസ് അൽ ഷെരീഫ്(28) ഉൾപ്പെടെ അഞ്ച് മാധ്യമപ്രവർത്തകർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അൽ ജസീറയുടെ ജീവനക്കാരാണ് കൊല്ലപ്പെട്ടവർ. അനസ് ഷെരീഫിനെ കൂടാതെ മുഹമ്മദ് ക്വറീഹ്, ക്യാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗാസ സിറ്റിയിലെ ആശുപത്രിക്ക് സമീപമുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകരെ കൂടാതെ മറ്റ് രണ്ട് പേർക്ക് കൂടി ആക്രമണത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ഞായറാഴ്‌ച വൈകുന്നേരം സിറ്റിയിലെ അൽ ഷിഫ ആശുപത്രിയുടെ മെയിൻ ഗേറ്റിന് പുറത്തുള്ള ടെന്റിലേക്കാണ് ഇസ്രയേൽ ആക്രമണമുണ്ടായത്.
അനസ് അൽ ഷെരീഫ് കൊല്ലപ്പെട്ട കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. അനസിന് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. എന്നാൽ ഇത് അൽ ജസീറ നിഷേധിച്ചു. കൊല്ലപ്പെട്ട മറ്റ് മാധ്യമപ്രവർത്തകരുടെ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല.
2023 മുതൽ ഗാസയിലെ യുദ്ധമുഖത്ത് നിന്നും സജീവമായി വാർത്തകൾ പുറത്തുവിടുന്നയാളാണ് അനസ് അൽ ഷെരീഫ്. ഷെരീഫ് ഹമാസിന്റെ ഭാഗമെന്ന് ആരോപിച്ച് ഇസ്രായേൽ സൈനിക വക്താവ് ജൂലൈയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കൊലപാതകം.
ഇതിനു മുൻപും അൽ ഷെരീഫിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നതായി ദി കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് (സിപിജെ) അറിയിച്ചു. ഇതുവരെ 200ലധികം മാധ്യമപ്രവർത്തകരാണ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്.










0 comments