കുട്ടികളെ മർദിച്ച സംഭവം
എലോഹിം ഗ്ലോബൽ സെന്ററിൽ പ്രാർഥനയെച്ചൊല്ലി തർക്കം; പൊലീസും സമരക്കാരും തമ്മിൽ സംഘർഷം

എലോഹിം ഗ്ലോബൽ ഉടമ ബിനു വാഴമുട്ടം (ഇടത്), സെന്ററിൽ പ്രാർഥനയ്ക്കെത്തിയവരും പൊലീസുമായി സംഘർഷം (വലത്)
പത്തനംതിട്ട: ഓമല്ലൂർ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ പ്രാഥിക്കാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് സമരം. പൊലീസും സമരക്കാരും തമ്മിൽ സഘർഷമുണ്ടായി. സ്ഥാപനത്തിലെ അന്തേവാസികളായ കുട്ടികളെ ജീവനക്കാർ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ പ്രാർഥിക്കാനുള്ള സൗകര്യം ഒരുക്കിനൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു.
അതേസമയം, സെന്ററിന്റെ പ്രവർത്തനങ്ങൾ ഇവിടെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടിയതോടെ സ്ഥിതി വഷളായി. തുടർന്ന് സംഘർഷം ഒഴിവാക്കാനായി സമരക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ, പൊലീസ് തിരയുന്ന എലോഹിം ഗ്ലോബൽ ഉടമ പാസ്റ്റർ ബിനു വാഴമുട്ടം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചു. ഇതുവരെ സ്ഥാപനത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുമെന്നും റിക്രൂട്ട് ചെയ്ത ആളുകളാണ് സെന്ററിൽ പ്രവർത്തിക്കുന്നതെന്നുമാണ് ബിനു വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ഈ സെന്ററിലെ അന്തേവാസികളായ കുട്ടികളെ മർദിച്ച സംഭവത്തിൽ മാനേജർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ കഴിഞ്ഞ ദിവസം ഇലവുംതിട്ട പൊലീസ് അറസ്‌റ്റുചെയ്തിരുന്നു. മാനേജർ മുട്ടത്തുകോണം പുല്ലാമല ഇരുന്നകുഴിക്കൽ പുതുവേലിൽ റെജി സോളമൻ (42), പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി ചരിവുകാലായിൽ ബെന്നി ബാബു (38), കൊല്ലം പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി ബിജോ ഭവനിൽ സിജോ കുഞ്ഞുമോൻ (34) എന്നിവരാണ് ശനിയാഴ്ച അറസ്‌റ്റിലായത്.
പാസ്‌റ്റർ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ചെന്നീർക്കര ഉന്നുകൽ വെട്ടോലിമലയിലെ കേന്ദ്രത്തിൽ വെച്ചാണ് കുട്ടികൾക്ക് മർദനമേറ്റത്. ഇടുക്കി അമ്പലമേട് സ്വദേശിയായ 17കാരനെ അതിക്രൂരമായി മർദിച്ചെന്ന പരാതി കട്ടപ്പന പൊലീസിന് ലഭിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ എരുമേലി സ്വദേശിയായ 15കാരനെ മർദിച്ചെന്ന പരാതിയും പൊലീസിന് ലഭിച്ചു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ജീവനക്കാർ കുട്ടികളെ ക്രൂരമായി മർദിച്ചത്. പിന്നീട് ശിശുസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മറ്റ് അന്തേവാസികളെയും ജീവനക്കാർ മർദിക്കാറുണ്ടെന്ന വിവരം പുറത്തുവന്നു.
സംഭവത്തിനു ശേഷം ദിവസങ്ങളായി ഒളിവിലായിരുന്ന പ്രതികളെ ഇലവുംതിട്ട സിഐ അനീഷ് കരിം, എസ്ഐ ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശനിയാഴ്‌ച പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഞായറാഴ്‌ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.









0 comments