ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: ആമസോണിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി

വാഷിങ്ടൺ: ആമസോൺ വെബ് സർവീസസിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ പീഡനപരാതിയുമായി ജീവനക്കാരി രംഗത്ത്. മുതിർന്ന ഉദ്യോഗസ്ഥൻ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നും, സംഭവം പുറത്തുപറയാതെ മൂടിവെക്കാൻ കമ്പനി സമ്മർദം ചെലുത്തിയെന്നും ആരോപിച്ച് ജീവനക്കാരി കോടതിയെ സമീപിച്ചു.
സീയാറ്റിലിലെ അഡ്വർടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് മാനേജരായ യുവതി ആണ് മുതിർന്ന എക്സിക്യൂട്ടീവായ മൈക്കലാഞ്ചലോ സിമോണ്ടെയ്ക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2023 ഒക്ടോബർ 27ന് ന്യൂയോർക്കിലേക്ക് നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കമ്പനി സംഘടിപ്പിച്ച ചടങ്ങിനും വിരുന്നിനും ശേഷം സിമോണ്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഡാൻബോം ഹർജിയിൽ പറയുന്നു.
സംഭവം അധികൃതരെ അറിയിച്ചപ്പോൾ, ഇതിനെക്കുറിച്ച് ഓഫീസിൽ ആരോടും സംസാരിക്കരുതെന്ന് ആമസോൺ ആവശ്യപ്പെട്ടതായി ഇവർ ആരോപിക്കുന്നു.
ആരോപണവിധേയനായ വ്യക്തിയുമായി ചേർന്ന് തന്നെ തുടർന്നും ജോലി ചെയ്യാൻ കമ്പനി നിർബന്ധിച്ചതായും പരാതിയിലുണ്ട്. പൊലീസിന് നൽകിയ പരാതിയിൽ ഡിഎൻഎ തെളിവുകൾ കൈമാറിയെങ്കിലും, ആരോപണവിധേയനായ സിമോണ്ടെയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ അന്വേഷണ സംഘം തയാറായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.









0 comments