Deshabhimani

എസ്‌ഐആർ റദ്ദാക്കി ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് കിസാൻ മോർച്ച

gyanesh kumar
വെബ് ഡെസ്ക്

Published on Oct 22, 2026, 03:15 PM | 2 min read

ന്യൂഡൽഹി: എസ്‌ഐആർ റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് സംയുക്‌ത കിസാൻ മോർച്ച.


സുതാര്യതയില്ലാതെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 13.41 കോടി പൗരന്മാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, 2023-ലെ നിയമത്തിൽ ഭേദഗതി വരുത്തുക, തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രിക്ക് പകരം ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തുക എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ.


കൂടാതെ, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം (proportional representation) നടപ്പിലാക്കുക, പണത്തിന്റെ സ്വാധീനം തടയുക, തിരഞ്ഞെടുപ്പുകൾക്ക് സർക്കാർ ഫണ്ട് നൽകുന്നത് നിയമവിധേയമാക്കുക തുടങ്ങിയ സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും കത്തിലൂടെ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ ഭരണഘടനാപരമായ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്.


ഭരണകക്ഷിയായ ബിജെപിക്ക് അധികാരം നിലനിർത്താൻ സഹായിക്കുന്നതിനായി, യഥാർത്ഥ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഗുരുതരമായ കുറ്റകൃത്യം ചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സംരക്ഷിക്കുകയാണ്. ചട്ടങ്ങൾ ഔദ്യോഗികമായി ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിന് മാത്രമാണുള്ളത്.


പാർലമെന്റ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടി സ്വീകരിക്കാത്ത പക്ഷം മന്ത്രിസഭ നേരിടുന്ന ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പ്രധാനമന്ത്രിക്ക് കഴിയില്ല.


സമാധാനപരമായ പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിരുന്ന ജന്തർ മന്തറിനെ ആ പദവിയിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് ഡൽഹി പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. എസ്ഐആർ വിഷയത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കർഷകർ പിന്തുണ പ്രഖ്യാപിക്കുന്നു.


ഡൽഹി പൊലീസും ആർഎസ്എസ്-ബിജെപിയിലെ ക്രിമിനൽ ഘടകങ്ങളും ചേർന്ന്, യുവതികളായ വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും മുന്നറിയിപ്പ് നൽകാനും കിസാൻ മോർച്ച തീരുമാനിച്ചിരിക്കുകയാണ്.


ഇതിന്റെ ഭാഗമായി, ഒക്ടോബർ 23-ന് ഇന്ത്യയിലുടനീളമുള്ള ജില്ലാ/താലൂക്ക് ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലും വൻ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നു. ഡൽഹി പൊലീസും ആർഎസ്എസ്-ബിജെപി ക്രിമിനൽ ഘടകങ്ങളും ചേർന്ന് വിദ്യാർത്ഥിനികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ നടത്തിയ ലൈംഗികാതിക്രമങ്ങൾ ഞെട്ടിക്കുന്നതും രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്നതുമാണ്.


മോദി ഭരണകൂടം പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണെങ്കിൽ, അവരെ സംരക്ഷിക്കാൻ കർഷകർ രംഗത്തിറങ്ങാൻ നിർബന്ധിതരാകും. കുറ്റക്കാരെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും, യൂണിഫോം ധരിച്ചവരായാലും സാമൂഹ്യവിരുദ്ധരായാലും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.


ഭരണകൂടം നടത്തുന്ന ഈ ഭീകരതയെ ശക്തമായി എതിർക്കുന്നു. പൗരന്മാരുടെ സ്വകാര്യതയിലേക്കും ജനാധിപത്യ അവകാശങ്ങളിലേക്കും കടന്നുകയറുന്ന പ്രവണത തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home