Deshabhimani

പ്രതിഷേധിച്ചാൽ രാജ്യദ്രോഹി; മോദിയുടെ തന്ത്രങ്ങൾ മടുത്തെന്ന് തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ

annamalai cjp
വെബ് ഡെസ്ക്

Published on Oct 22, 2026, 03:09 PM | 2 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെ ദേശീയപതാകയേന്തി ജനാധിപത്യപരമായി പ്രതിഷേധിച്ച യുവാക്കളെ കള്ളക്കേസിൽ ജയിലിലടച്ച കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിയെ അതിരൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യുന്ന പൗരന്മാരെ 'രാജ്യദ്രോഹികൾ' എന്നും 'വിദേശ ഏജന്റുമാർ' എന്നും ചിത്രീകരിച്ച് വേട്ടയാടുന്ന ബിജെപിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ജനവിരുദ്ധ നിലപാടുകൾക്കെതിരെയാണ് അണ്ണാമലൈ രംഗത്തെത്തിയത്.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തിരംഗയേന്തി പ്രതിഷേധിച്ച സിജെപി നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും ഏഴുദിവസമാണ് ഡൽഹി പൊലീസ് ജയിലിലടച്ചത്. ഒക്ടോബർ 13-ന് കസ്റ്റഡിയിലെടുത്ത ഇരുവരുടെയും ജാമ്യം നിരസിക്കുകയും ജുഡീഷ്യൽ കസ്റ്റഡി നിയമവിരുദ്ധമായി നീട്ടുകയുമായിരുന്നു. ഒക്ടോബർ 21-ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് അണ്ണാമലൈ ബിജെപി സർക്കാരിന്റെയും പൊലീസിന്റെയും പ്രതികാര നടപടികളെ ചോ​ദ്യം ചെയ്തത്.


പ്രതിഷേധക്കാരെ ഭീകരരായി ചിത്രീകരിച്ച് അടിച്ചമർത്തുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായി വിരൽചൂണ്ടിയ അണ്ണാമലൈ, 2011-ൽ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഓർമ്മിപ്പിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി, ഡൽഹി രാംലീല മൈതാനത്ത് അഴിമതിവിരുദ്ധ പ്രക്ഷോഭകർക്കെതിരെ അന്നത്തെ കേന്ദ്ര സർക്കാർ നടത്തിയ രാത്രികാല പൊലീസ് നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. 'തന്റെ കൈകൾ ബന്ധിക്കപ്പെട്ടിരുന്നില്ലെങ്കിൽ ഡൽഹിയിലെത്തി കേന്ദ്രസർക്കാരിനെതിരെ യുദ്ധം ചെയ്യുമായിരുന്നു' എന്നായിരുന്നു മോദിയുടെ അന്നത്തെ വാദം.


അന്ന് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത അതേ മോദി ഇന്ന് പ്രധാനമന്ത്രി പദവിയിലിരിക്കുമ്പോൾ, ഡൽഹിയിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കൾക്ക് തിഹാർ ജയിൽവാസവും ക്രൂരമായ വേട്ടയാടലുമാണ് സമ്മാനിക്കുന്നതെന്ന് അണ്ണാമലൈ തുറന്നുകാട്ടി.


ഡൽഹി പൊലീസിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും അനീതികൾ അക്കമിട്ട് നിരത്തി അഞ്ചു പ്രധാന ചോദ്യങ്ങളാണ് അണ്ണാമലൈ ഉയർത്തിയത്:


  1. സിജെപി പ്രവർത്തകർ പ്രതിഷേധത്തിന് അനുമതി തേടി അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെ ജന്തർ മന്തറിന്റെ 'അംഗീകൃത പ്രതിഷേധവേദി' എന്ന പദവി തടഞ്ഞുവെച്ചതും മാറ്റിയതും ആരുടെ നിർദ്ദേശപ്രകാരമാണ്?

  2. പൊലീസുതന്നെ പരാതിക്കാരായ കേസിൽ, പ്രതിഷേധക്കാരെ കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം അസിസ്റ്റന്റ് കമീഷണർക്ക് 'സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്' പദവി നൽകി പൊലീസ് തന്നെ കൈയാളുന്നതിന്റെ നിഷ്പക്ഷത എന്താണ്?

  3. ഒക്ടോബർ 19-ന് യുവാക്കളുടെ ജാമ്യഹർജി പരിഗണിക്കേണ്ട സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വൈകിയെത്തുകയും, ജീവന് ഭീഷണിയുണ്ടെന്ന നാടകം കളിച്ച് നടപടികളിൽനിന്ന് പിന്മാറുകയും ചെയ്തത് ആരുടെ സമ്മർദ്ദം മൂലമാണ്?

  4. യുവാക്കളെ ജാമ്യത്തിലിറക്കാൻ എത്തിയ എട്ട് ആൾജാമ്യക്കാരെ നിരസിക്കുകയും അവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്ത നിയമവിരുദ്ധ നടപടിയുടെ മാനദണ്ഡം എന്താണ്?

  5. മുൻ കോൺഗ്രസ്, ആം ആദ്മി പാർട്ടി സർക്കാരുകളുടെ കാലത്ത് ബിജെപി പ്രവർത്തകർ ഡൽഹിയിൽ പൊലീസിന്റെ എല്ലാ നിരോധനാജ്ഞകളും ലംഘിച്ച് പ്രക്ഷോഭം നടത്തിയിട്ടില്ലേ? അന്ന് ബിജെപിക്കാരോട് ഡൽഹി പൊലീസ് ഇതേ രീതിയിലാണോ പെരുമാറിയത്?


കേന്ദ്രത്തിൽ പന്ത്രണ്ടുവർഷത്തിലേറെയായി അധികാരത്തിലിരിക്കുന്ന മോദി സർക്കാർ സ്വന്തം പ്രസക്തിയും ജനവിരുദ്ധതയും മറച്ചുവെക്കാൻ നിരന്തരം പുതിയ 'ശത്രുക്കളെ' സൃഷ്ടിക്കുകയാണെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെ ഉയരുന്ന ഏതൊരു പ്രതിഷേധത്തെയും രാജ്യവിരുദ്ധ പ്രവർത്തനമായും വിദേശ ഗൂഢാലോചനയായും ചിത്രീകരിക്കുന്ന ബിജെപിയുടെ തന്ത്രം മടുത്തു കഴിഞ്ഞു.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് വിദേശ സംഭാവന നിയന്ത്രണ നിയമങ്ങളും (FCRA) അന്വേഷണ ഏജൻസികളും പ്രവർത്തിക്കുന്നത്. എന്നിട്ടും രാജ്യത്ത് നടക്കുന്ന ഏതൊരു സാധാരണ സമരത്തിന് പിന്നിലും വിദേശശക്തികളെ തെരയുന്നത് ബിജെപിയുടെ ഭയവും രാഷ്ട്രീയ പരാജയവുമാണ് വ്യക്തമാക്കുന്നത്. 2026 ജൂൺ അഞ്ചിന് തന്നെ ബിജെപി വിട്ടതാണെന്ന് വ്യക്തമാക്കിയ അണ്ണാമലൈ, നീറ്റ് പ്രക്ഷോഭകർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച ബിജെപി ഭരണകൂടത്തിന്റെ ക്രൂരതയെയും വീണ്ടും ചോദ്യംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home