"സവിശേഷമായതൊന്ന് വരാനുണ്ട്" സമാധാന കരാർ സൂചനയുമായി വീണ്ടും ട്രംപ്

വാഷിങ്ടണ്‍: ഗാസയിൽ ഇസ്രയേൽ തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കുന്നതിൽ 'സവിശേഷമായ എന്തോ' വരാനുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വംശീയ വേട്ട അവസാനിപ്പിക്കാനും സമാധാന കരാർ ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ സംബന്ധിച്ച ഡൊണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശ വാദങ്ങളിൽ പുതിയതാണ് ഇത്.
ഗാസയിലെ വെടിനിര്‍ത്തൽ, യുദ്ധാനന്തര പദ്ധതി എന്നിവ സംബന്ധിച്ച് ബെഞ്ചമിന്‍ നെതന്യാഹുവും ഡൊണൾഡ് ട്രംപും തമ്മിൽ വിയോജിപ്പുകൾ ഉണ്ടായതായി ഇസ്രയേല്‍ ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശ വാദം.
യുഎസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനിടെ ആവർത്തിച്ചു.

'ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ ഒന്നും അന്തിമമായിട്ടില്ല. ട്രംപിന്റെ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്' എന്നാണ് നെതന്യാഹു പ്രതികരിച്ചത്. 'മിഡില്‍ ഈസ്റ്റില്‍ ഒരു മഹത്തായ നേട്ടത്തിന് ഞങ്ങള്‍ക്ക് ഒരു അവസരമുണ്ട്, സവിശേഷമായ ഒരു കാര്യത്തിനായി എല്ലാവരും ഒരുങ്ങിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ്, ഞങ്ങളത് ചെയ്തിരിക്കും' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാമത് അധികാരത്തിലെത്തി എട്ട് മാസത്തിലേറെയായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഒപ്പം സമാധാന കരാറിന്റെ ഏകോപനത്തെക്കുറിച്ച് വീമ്പിളക്കൽ തുടരുകയാണ്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഈ വർഷം ട്രംപുമായുള്ള നാലാമത്തെ വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായും ഇത് ആവർത്തിച്ചിരിക്കയാണ്.
യുഎന്‍ ജനറൽ അസംബ്ലിക്കിടെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും മരുമകൻ ജരെഡ് കുഷ്നറുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ അറബ് രാജ്യങ്ങള്‍ക്ക് മുന്നിൽ വെടിനിര്‍ത്തലും യുദ്ധാനന്തര പദ്ധതിയും അവതരിപ്പിച്ച് ട്രംപ് അവകാശവാദം ആവർത്തിക്കയും ചെയ്തു. ലോക രാജ്യങ്ങൾ ഓരോന്നായി പലസ്തീനിലെ ക്രൂതകൾക്കെതിരെ പ്രതികരിച്ച് തുടങ്ങിയതോടെ ട്രംപ് നെതന്യാഹു കൂട്ടുകെട്ടും സമ്മർദ്ദത്തിലാണ്.










0 comments