ad
Deshabhimani

യുഎസിലെ അൽകാട്രാസ് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേരെ കാണാതായി

Boat Accident

അപകടത്തിൽപ്പെട്ട ബോട്ടിന് സമീപം രക്ഷാപ്രവർത്തനം നടത്തുന്നു| Photo:AFP

വെബ് ഡെസ്ക്

Published on Jul 15, 2026, 06:00 PM | 1 min read

സാൻ ഫ്രാൻസിസ്കോ : യുഎസിലെ പ്രശസ്തമായ അൽകാട്രാസ് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട മൂന്ന് പേർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് 20 യാത്രക്കാരുമായി സഞ്ചരിച്ച 50 അടി നീളമുള്ള കാബിൻ ക്രൂയിസർ ബോട്ട് അപകടത്തിൽപ്പെട്ടത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.


പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 3.37നാണ് ബോട്ട് അപകടത്തിൽപ്പെട്ടതായി സാൻ ഫ്രാൻസിസ്കോ ഫയർ ഡിപ്പാർട്ട്‌മെന്റിന് സന്ദേശം ലഭിക്കുന്നത്. ആദ്യം ബോട്ടിന് തീപിടിച്ചെന്നായിരുന്നു വിവരമെങ്കിലും ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലും പെട്ട് ബോട്ട് മറിയുകയായിരുന്നു.


അപകടവിവരമറിഞ്ഞ് സാൻ ഫ്രാൻസിസ്കോ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ മറൈൻ വിങ് ആദ്യം സ്ഥലത്തെത്തുമ്പോൾ ഒരു യുവാവ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ തന്നെ കരയിലെത്തിച്ച് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്.


ബോട്ടിലുണ്ടായിരുന്ന മറ്റ് 13 പേരെ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തി. കാണാതായ മൂന്ന് പേർക്കായി സാൻ ഫ്രാൻസിസ്കോ ഫയർ ഡിപ്പാർട്ട്‌മെന്റും യുഎസ് കോസ്റ്റ് ഗാർഡും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home