print edition അൽ-അഖ്സ മസ്ജിദിൽ ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമം

അൽ-അഖ്സ മസ്ജിദ് (Photo:Wiki)
ജറുസലേം : തീവ്ര വലതുപക്ഷ ഇസ്രയേലി കുടിയേറ്റക്കാർ വീണ്ടും അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി. ഇസ്രയേൽ സുരക്ഷാസേനയുടെ പൂർണ സംരക്ഷണത്തോടെയായിരുന്നു പ്രകോപനപരമായ നീക്കമെന്ന് പലസ്‍തീൻ വാർത്താ ഏജൻസി 'വാഫ' റിപ്പോർട്ട്ചെയ്‍തു. ഇസ്രയേൽ അധിനിവേശ കിഴക്കൻ ജറുസലേമിൽ സ്ഥിതിചെയ്യുന്ന അൽ-അഖ്സ മസ്ജിദ് ഇസ്ലാം വിശ്വാസികൾക്ക് ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ ആരാധനാലയമാണ്.
അതിക്രമത്തിനിടെ മസ്ജിദ് പരിസരത്തുണ്ടായിരുന്ന രാഗേബ് മാജിദ് അൽ-ജാബ എന്ന പലസ്തീൻ കുട്ടിയെ ഇസ്രയേൽ സൈന്യം ബലംപ്രയോഗിച്ച് പുറത്താക്കി. ഈ കുട്ടിക്ക് കോമ്പൗണ്ടിൽ പ്രവേശിക്കുന്നതിന് ആറ് മാസത്തെ വിലക്കേർപ്പെടുത്തിയതായി ജറുസലേം ഗവർണറേറ്റ് സ്ഥിരീകരിച്ചു. അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന റിയാദ് അൽ-അഖ്സ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് രാഗേബ് മാജിദ്. വിലക്ക് കാരണം വിദ്യാർഥിക്ക് സ്‍കൂൾ പരീക്ഷ എഴുതാൻ സാധിക്കാത്ത അവസ്ഥയാണ്.
നിലവിലുള്ള അന്താരാഷ്ട്ര കരാറുകൾ പ്രകാരം മുസ്ലിം ഇതര വിഭാഗങ്ങൾക്ക് അൽ-അഖ്സ സന്ദർശിക്കാൻ അനുമതിയുണ്ടെങ്കിലും അവിടെ പ്രാർത്ഥന നടത്താൻ അവകാശമില്ല. ഇത് ലംഘിച്ചാണ് ഇസ്രയേൽ സൈന്യത്തിന്റെ കാവലിൽ ജൂതകുടിയേറ്റക്കാർ ഇവിടെ മതപരമായ ചടങ്ങുകൾ നടത്തുന്നത്.










0 comments