തലയ്ക്ക് 10 മില്യൺ ഡോളർ വിലയിട്ടിരുന്ന അൽ-ഷറ യുഎസിലേക്ക്; വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച

വാഷിങ്ടൺ: ലോക രാഷ്ട്രീയത്തിലെ കൗതുകമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നു. സിറിയൻ പ്രസിഡന്റ് നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനമാണിത്. അൽ-ഷറയുടെ തലയ്ക്ക് ഒരിക്കൽ 10 മില്യൺ യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടാനായിരുന്നു ഉത്തരവ്.
25 വർഷത്തിനിടെ ഇരു രാജ്യങ്ങളുടെയും നേതാക്കൾ കഴിഞ്ഞ മേയിൽ സൗദി അറേബ്യയിൽ പരസ്പരം കണ്ടുമുട്ടി. അന്നത്തെ ചർച്ചകളുടെ തുടർച്ചയാണ് വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിൽ നിന്ന് സിറിയ പുറത്തെത്തുകയാണ്.
2000 ൽ ജനീവയിൽ ഹാഫിസ് അസദ് ബിൽ ക്ലിന്റനെ കണ്ടതിന് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റുമായി നേരിട്ട് ചർച്ച നടത്തുന്ന ആദ്യത്തെ സിറിയൻ നേതാവാണ് അൽ-ഷറ. സന്ദർശനത്തോടെ ഐഎസിനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച കരാറിൽ അൽ-ഷറ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്.
അൽഖ്വദയിലെ ഭീകരവാദി നേതാവ്
അബു മുഹമ്മദ് അൽ-ഗൊലാനി എന്ന പേരിൽ അറിയപ്പെടുന്ന അൽ-ഷറ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. സിറിയൻ യുദ്ധത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇറാഖിൽ യുഎസ് സേന നടത്തിയ അധിനിവേശത്തിനെതിരെ വിമതരോടൊപ്പം ചേർന്നു. യുഎസ് സേനയ്‌ക്കെതിരെ പോരാടുകയും കുപ്രസിദ്ധമായ അബു ഗ്രൈബ് ജയിലിൽ കഴിയുകയും ചെയ്തു.
42 വയസ്സുള്ള അൽ-ഷറ ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ നിന്നുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലാണ് വളർന്നത്. 2003 ലെ യുഎസ് ഇറാഖ് അധിനിവേശത്തെത്തുടർന്ന് അൽ-ഷറ അൽ-ഖ്വയ്ദയിൽ ചേർന്നു.
അൽ-ഖ്വയ്ദയിൽ ചേർന്നതിനുശേഷം, അബു മുഹമ്മദ് അൽ-ജൊലാനി എന്ന പേര് സ്വീകരിച്ചു, അറബിയിൽ അൽ-ജൊലാനി എന്നതിലെ സൂചന "ഗോലാൻ" എന്നാണ്, ഇത് അദ്ദേഹത്തിന്റെ കുടുംബം ഉത്ഭവിച്ച സ്ഥലത്തെ സൂചിപ്പിക്കുന്നു എന്ന് വിശേഷിപ്പിക്കുന്നു. 2007 ൽ യുഎസ് സൈന്യം ഇറാഖിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങിയതിനുശേഷം, അൽ-ഷറ ജയിലിൽ നിന്ന് മോചിതനായി സിറിയയിലേക്ക് മടങ്ങി.
വഴിയൊരുക്കിയ യു എസ് ഇടപെടൽ
2016-ന് തുടക്കത്തിൽ അമേരിക്ക സിറിയയിൽ ഒരു സൈനിക സാന്നിധ്യം സ്ഥാപിച്ചു, രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ ഐഎസിനെതിരെ പോരാടുന്ന കുർദിഷ്, അറബ് വിമത സേനകളെ പരിശീലിപ്പിക്കയും ആയുധം നൽകുകയും ചെയ്തു. 2018-ൽ ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് സിറിയയിലെ അൽ-അസദിന്റെ ആയുധ കേന്ദ്രങ്ങളിലും ഐസിസ് പോരാളികൾക്ക് എതിരെയും മിസൈൽ ആക്രമണത്തിന് ഉത്തരവിട്ടു.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിലെ യുഎസ് ഇടപെടലും ഇസ്രായേലുമായി ചേർന്ന് രാജ്യത്ത് നടത്തിയ മിസൈൽ ആക്രമണങ്ങളും അൽ-അസദിന്റെ സൈന്യത്തെ ഗുരുതരമായി ദുർബലപ്പെടുത്തി. 2024-ൽ അൽ-ഷറയും അദ്ദേഹത്തിന്റെ വിമത സംഘവും ആക്രമണം ആരംഭിച്ചപ്പോഴേക്കും തളർച്ച പൂർണ്ണമായി. ഒടുവിൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ചു.
ഡിസംബറിൽ അൽ-ഷറയും ഒരു കൂട്ടം വിമത പോരാളികളും സിറിയയിൽ അധികാത്തിലേറി. ശക്തനായ ബഷാർ അൽ-അസദിന്റെ സർക്കാരിനെ അട്ടിമറിച്ചതോടെ സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നതിനും, സിറിയയ്ക്കുള്ളിലെ എതിരാളികളായ വിമത ഗ്രൂപ്പുകളെ ഒന്നിപ്പിക്കുന്നതിനും കഴിഞ്ഞു. തുടർന്ന് ലോക വേദിയിൽ നയതന്ത്ര സാന്നിധ്യം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അൽ-ഷറ.
സിറിയ ഇനി വിദേശ പോരാട്ടങ്ങൾക്ക് ഒരു വേദിയായി പ്രവർത്തിക്കില്ലെന്നും തന്റെ രാജ്യത്തെ ഭിന്നിപ്പിച്ച പഴയ ഭരണകൂടത്തെ മുൻനിർത്തുയുള്ള ആഖ്യാനത്തിന്റെ പുനരുജ്ജീവനത്തെ അനുവദിക്കില്ലെന്നും പറഞ്ഞാണ് അൽ ഷറ തുടങ്ങിയത്.
എന്താണ് അമേരിക്കൻ താത്പര്യം
സ്ഥിരതയുള്ള സിറിയ മുഴുവൻ മിഡിൽ ഈസ്റ്റ് മേഖലയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങൾ ഈ മേഖലയിൽ ഭൗമരാഷ്ട്രീയ നിയന്ത്രണം സ്ഥാപിക്കുന്നതിൽ തടയിടുകയാണ് അമേരിക്കയുടെ പദ്ധതി എന്ന് വ്യക്തമാണ്.
തെക്കൻ സിറിയൻ അതിർത്തിയിൽ ഇസ്രായേൽ ഒരു സൈനികവൽക്കരിക്കപ്പെട്ട ബഫർ സോൺ കൈവശപ്പെടുത്തിയിട്ടുണ്ട്. ഡമാസ്കസിന് തെക്ക് ഭാഗത്തുള്ള ന്യൂനപക്ഷ മതവിഭാഗമായ ഡ്രൂസിനെ അൽ-ഷറയുടെ ഇസ്ലാമിക സർക്കാർ ലക്ഷ്യമിട്ടതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പരസ്യമായി ആരോപിച്ചിരുന്നു. ഇസ്രയേൽ ഇവിടെ പ്രത്യേക സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ്. ഇത് അമേരിക്കയ്ക്ക് ദീർഘകാല ലക്ഷ്യത്തിൽ തിരിച്ചടിക്കാം. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള യുദ്ധതന്ത്രപരമായ ബന്ധവും പുതിയ ബന്ധത്തിൽ കാണുന്നവരുണ്ട്.
മെയ് മാസത്തിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഖത്തറിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ട്രംപ് അൽ-ഷറയെ പ്രശംസിച്ചിരുന്നു. സിറിയൻ നേതാവിനെ "യുവാവും ആകർഷകനും കടുപ്പമേറിയ വ്യക്തിയുമായി വിശേഷിപ്പിച്ചു. ശക്തമായ ഭൂതകാലവും വളരെ ശക്തമായ ഭാവികാലത്തിനായുള്ള പോരാളിയും" എന്ന് വിശേഷിപ്പിച്ചു.










0 comments