സ്വന്തം രാജ്യത്ത് അമേരിക്കയ്ക്ക് വേണ്ടി സൈനിക പ്രവര്‍ത്തനം, അവസാനം യു എസ് ഇമിഗ്രേഷൻ കസ്റ്റഡിയിൽ മരണം

ടെക്സസ്: അമേരിക്കയിലെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ അഫ്ഗാൻ അഭയാർഥി മരിച്ച സംഭവത്തിൽ വിവാദം. അഫ്ഗാനിസ്ഥാനിലെ യു എസ് നടപടിക്കാലത്ത് സൈന്യത്തിനൊപ്പം ചേര്‍ന്ന് പ്രവർത്തിച്ചിരുന്ന മുഹമ്മദ് നസീർ പക്ത്യാവൽ എന്ന 41-കാരനാണ് മരിച്ചത് . ഇയാളെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിലാണ് മരണം. ഈ വര്‍ഷം അമേരിക്കൻ ഇമിഗ്രേഷൻ വകുപ്പിന്റെ കസ്റ്റഡിയിൽ മരിക്കുന്ന 13 ാമത്തെ വ്യക്തിയാണ്.
ടെക്സസിലെ റിച്ചാർഡ്സണിലുള്ള തന്റെ അപ്പാർട്ട്മെന്റിന് പുറത്ത് വെച്ച് മാർച്ച് 13-ന് രാവിലെയായിരുന്നു പക്ത്യാവലിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കുട്ടികളെ സ്കൂളിൽ ഡ്രോപ്പ് ചെയ്ത ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. വീട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ കൈവിലങ്ങ് വെച്ചു. ഇത് കണ്ട് കുട്ടികൾ നിലവിളിക്കുകയും,ബാൽക്കണിയിൽ നിന്ന് ഭാര്യ ഇതിനെ എതിർക്കുകയും ചെയ്തു. പക്ഷേ യാതൊരു വിശദീകരണവും നൽകാതെ പിടിച്ച് കൊണ്ടു പോയി.
അറസ്റ്റ് സമയത്തോ പ്രാഥമിക പരിശോധനയിലോ പക്ത്യാവലിന് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ,അറസ്റ്റിലായ അതേ ദിവസം വൈകുന്നേരം, ഡാളസിലെ ഇമിഗ്രേഷൻ വകുപ്പിന്റെ ഫീൽഡ് ഓഫീസിൽ വെച്ച് അദ്ദേഹത്തിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടു. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ പാർക്ക്ലാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
മാർച്ച് 14-ന് രാവിലെ,പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ നാവ് വീർത്തതായി ആശുപത്രി ജീവനക്കാർ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും രക്ഷാപ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ല. അദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ചു .
2005മുതൽ ഒരു ദശാബ്ദക്കാലം അഫ്ഗാനിസ്ഥാനിൽ യു എസ് ആർമി സ്പെഷ്യൽ ഫോഴ്സിനൊപ്പം പ്രവർത്തിച്ച വ്യക്തിയാണ്. അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിലെ അംഗമായിരുന്നു. 2021ഓഗസ്റ്റിൽ,താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനെ തുടർന്ന്,അമേരിക്കൻ സേന പിൻവാങ്ങിയ സമയത്താണ് 'ഓപ്പറേഷൻ അലൈസ് റെഫ്യൂജ്'പദ്ധതി പ്രകാരം പക്ത്യാവലും കുടുംബവും യു എസിലേക്ക് എത്തുന്നത്.
ആറ് മക്കളുടെ പിതാവായ അദ്ദേഹം ഡാളസ് പ്രാന്തപ്രദേശമായ റിച്ചാർഡ്സണിൽ താമസിച്ച് ഒരു മാർക്കറ്റിൽ ജോലി ചെയ്ത് കുടുംബം പുലർത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഇളയ കുട്ടിക്ക് 18മാസം മാത്രമാണ് പ്രായം.
യു എസിലേക്ക് വരുമ്പോൾ പക്ത്യാവൽ തന്റെ സൈനിക സേവനത്തിന്റെ രേഖകളൊന്നും നൽകിയിട്ടില്ലെന്നാണ് ഇമിഗ്രേഷൻ വാദം. മാത്രമല്ല ഇയാളെ ക്രിമിനൽ എന്നാണ് വിശേഷിപ്പിച്ചത്. 2026-ൽ മാത്രം ICEകസ്റ്റഡിയിൽ 12പേര്‍ മരിച്ചിട്ടുണ്ട്.
ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ICE കസ്റ്റഡിയിലെ മരണങ്ങൾ കുത്തനെ ഉയർന്നു. ഒക്ടോബർ 1മുതൽ ജനുവരി 6വരെയുള്ള കാലയളവിൽ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 2024ൽ 24 മരണം ഉണ്ടായി. ICEഡിറ്റൻഷൻ സെന്ററുകളിലെ ആളുകളുടെ എണ്ണം ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ 40,000ആയിരുന്നത് 70,000ആയി വര്‍ധിപ്പിച്ചിരുന്നു.
ഐക്യരാഷ്ടസഭയുടെ വംശീയ വിവേചന നിർമാർജ്ജന കമ്മിറ്റി, ഇമിഗ്രേഷൻ നടപടികൾക്കിടയിലെ "അമിതബലപ്രയോഗ"ത്തിനും കസ്റ്റഡിയിലെ മരണങ്ങൾക്കും ICE-നെ അപലപിച്ചിരുന്നു .









0 comments