ad
Deshabhimani

അമേരിക്കയിൽ അദാനിക്കെതിരായ എല്ലാ കേസും പിൻവലിച്ചു; അസാധാരണ നടപടി

Gautam Adani

ഗൗതം അദാനി | PHOTO: AFP

വെബ് ഡെസ്ക്

Published on May 19, 2026, 07:05 AM | 1 min read

ന്യൂയോർക്ക്‌ : അദാനി ഗ്രൂപ്പ്‌ ചെയർമാൻ ഗൗതം അദാനി, അനന്തിരവൻ സാഗർ അദാനി എന്നിവർക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്‌ എടുത്ത കേസുകൾ പൂർണമായും ഒഴിവാക്കി. യുഎസ്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ കമീഷൻ (എസ്‌ഇസി) അടക്കം വിവിധ ഏജൻസികൾ എടുത്ത കേസുകളാണ്‌ പിൻവലിച്ചത്‌.


സൗരോർജ വൈദ്യുതി വിൽപ്പന കരാർ നേടിയെടുക്കുന്നതിനായി ഇന്ത്യയിൽ 2000 കോടിയിലേറെ രൂപയുടെ കോഴയിടപാട്‌ നടത്തി, അമേരിക്കൻ നിക്ഷേപകരിൽ നിന്ന്‌ പല ഘട്ടങ്ങളിലായി പണം സമാഹരിച്ചു തുടങ്ങിയ വിഷയങ്ങളിലാണ്‌ അദാനി യുഎസിൽ കേസുകൾ നേരിട്ടത്‌.


യുഎസ്സിൽ ഇത്തരത്തിൽ കുറ്റങ്ങൾ പൂർണമായി ഒഴിവാക്കിയത്‌ അസാധാരണ നടപടിയാണെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എസ്‌ഇസി എടുത്ത കേസ്‌ തീർപ്പാക്കുന്നതിന്‌ 60 ലക്ഷം യുഎസ്‌ ഡോളർ നൽകാൻ അദാനി സമ്മതിച്ചെന്ന്‌ കോടതി രേഖകൾ വ്യക്തമാക്കുന്നു. സാഗർ അദാനി 1.2 കോടി ഡോളർ നൽകാനും ധാരണയായി. തെറ്റ്‌ ചെയ്‌തെന്ന്‌ സമ്മതിക്കാതെയും നിഷേധിക്കാതെയുമാണ്‌ നടപടി.


എൽപിജി ഇറക്കുമറിയുമായി ബന്ധപ്പെട്ട്‌ അദാനിഗ്രൂപ്പ്‌ ഇറാനുള്ള യുഎസ്‌ ഉപരോധം ലംഘിച്ചെന്ന യുഎസ്‌ ട്രഷറി വകുപ്പിന്റെ വിദേശ ആസ്‌തി നിയന്ത്രണ ഓഫീസ്‌ (ഒഎഫ്‌എസി) എടുത്ത കേസും തീർപ്പാക്കി. 27.5 കോടി ഡോളർ നൽകിയാണ്‌ തീർപ്പാക്കിയത്‌.


അദാനി ഗ്രീൻ എനർജിയും യുഎസ്‌ ബന്ധമുള്ള അസുർ കമ്പനിയും തങ്ങളുടെ സൗരോർജ വൈദ്യുതി വാങ്ങുന്നതിനായി കേന്ദ്രസർക്കാരിന്‌ കീഴിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുമായി (എസ്‌ഇസിഐ) ധാരണയായിരുന്നു. എസ്‌ഇസിഐയിൽനിന്ന്‌ വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളെ സ്വാധീനിക്കാൻ ഗൗതം അദാനി നേരിട്ട്‌ രംഗത്തിറങ്ങി. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ജഗൻമോഹൻ റെഡ്ഡിയുമായി അദാനി നടത്തിയ കൂടിക്കാഴ്‌ചയും ആരോപണവിധേയമായിരുന്നു.


നരേന്ദ്ര മോദിയുമായി ഉറ്റ ചങ്ങാത്തമുള്ള അദാനിക്ക്‌ എസ്‌ഇസി അയച്ച സമൻസുകൾ കൈമാറാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home