ഡർബൻ ചുവക്കുന്നു, ഫ്രീഡം ഡേയിൽ ആയിരങ്ങൾ തെരുവിൽ


എൻ എ ബക്കർ
Published on Apr 29, 2025, 03:02 PM | 2 min read
ഡർബൻ: വർണ്ണവിവേചനം അവസാനിപ്പിച്ച് മുന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും നിർധനരും തെരുവോരങ്ങളിലേക്ക് തള്ളപ്പെട്ടവരുമായ മനുഷ്യർക്ക് എന്ത് നീതിയാണ് വിതരണം ചെയ്തത് എന്ന ചോദ്യവുമായി ദക്ഷിണാഫ്രിക്കയിൽ രാഷ്ട്രീയ കൂട്ടായ്മ.
താത്കാലിക കുടിലുകളിലും ചാളകളിലും താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾ ‘അൺഫ്രീഡം ഡേ’ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ തലേന്ന് ഡർബനിലെ തെരുവിലിറങ്ങി.
ഭൂമി, പാർപ്പിടം, അന്തസ്സ് എന്നിവയ്ക്കായി പ്രവർത്തിക്കുന്ന അബഹ്‌ലാലി ബേസ് എം-ജോണ്ടോലോ (എബിഎം) എന്ന സംഘനടയ്ക്ക് കീഴിലാണ് പ്രക്ഷോഭകർ എത്തിയത്. ഇത് ആഘോഷമല്ല. മറിച്ച് ഒരു കൂട്ടായ ദുഃഖാചരണമാണ്. മോഷ്ടിക്കപ്പെട്ട് വിറ്റഴിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ വിലാപമാണ് എന്നവർ തെരുവുകൾ തോറും വിളിച്ചു പറഞ്ഞു.
ഏപ്രിൽ 27നാണ് ദക്ഷിണാഫ്രിക്കയുടെ ഫ്രീഡം ഡേ. 1994 ലെ, വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും വോട്ടവകാശം ലഭിച്ചതിന് ശേഷമുള്ള തെരഞ്ഞെടുപ്പിനെയും പുതിയ ഭരണഘടനാ സംസ്ഥാപനത്തെയും ഓർമ്മപ്പെടുത്തിയാണ് ഈ ദിനം കൊണ്ടാടുന്നത്. ഇതിന് സമാന്തരമായി അൺഫ്രീഡം ഡേയും കരുത്താർജിക്കുന്നു.

2005 ഓടെയാണ് ചാളകളിൽ താമസിക്കുന്നവർ എന്നർത്ഥം വരുന്ന അബഹ്‌ലാലി ബേസ് എം ജോണ്ടോലോ (AbM) ആദ്യമായി രംഗത്ത് വരുന്നത്. ചലച്ചിത്രസംഗീത മേളകൾ, നാടകം നൃത്തം എന്നിങ്ങനെ തനത് കലാ സാംസ്കാരിക രൂപങ്ങളുമായാണ് ആദ്യം തെരുവിലിറങ്ങിയത്. Dlamini King Brothers എന്നൊരു മ്യൂസ് ബാന്റ് തന്നെയും ഇതിന് തുടർച്ചയായി രൂപപ്പെട്ട് പ്രശസ്തിയിലേക്ക് ഉയർന്നു.
നോ ലാന്റ്, നോ ഹൌസ്, നോ വോട്ട് കാമ്പയിനുകളും ഇതിന് പിന്നാലെ ഉയർത്തി. ഇപ്പോൾ 1,50,000 അംഗങ്ങളുള്ള സംഘടനയാണ്. ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളിൽ നാലെണ്ണത്തിൽ 81 ബ്രാഞ്ചുകളുണ്ട്.
"നമുക്ക് സ്വയം കള്ളം പറയാൻ കഴിയില്ല. യുവാക്കളുടെ തൊഴിലില്ലായ്മ 70% ആയിരിക്കുമ്പോൾ നമ്മുടെ ജനങ്ങളെ വഞ്ചിക്കാനും എളുപ്പത്തിൽ വിജയം അവകാശപ്പെടാനും കഴിയില്ല." - ജനാധിപത്യത്തിന്റെ നിഴലിൽ സ്വാതന്ത്ര്യം വിലപിക്കുന്നു എന്നാണ് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ. ക്വാസുലു-നടാൽ, ഗൗട്ടെങ്, മപുമലംഗ എന്നിങ്ങനെ മൂന്ന് പ്രവിശ്യകളിൽ ഇത്തവണ അൺഫ്രീഡം മാർച്ച് അരങ്ങേറി.

യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ ഭൂമി, പാർപ്പിടം, ഭക്ഷണം, അന്തസ്സ് എന്നിവയാണ് - വോട്ടവകാശം മാത്രമല്ല എന്ന് എബിഎം വാദിക്കുന്നു. ഫ്രഞ്ച് ഫിലോസഫർ ഹെൻറി ലെഫെബ്രെയുടെ ‘റൈറ്റ് ടു ദ സിറ്റി’ എന്ന സിദ്ധാന്തമാണ് അടിസ്ഥാനമാക്കുന്നത്. 2009 ൽ സംഘടനയുടെ നീക്കങ്ങളെ നിരോധിക്കാൻ തീരുമാനമുണ്ടായി എങ്കിലും സർക്കാർ പിൻവാങ്ങുകായിരുന്നു.
"നമുക്ക് വേണ്ടത് ദേശീയ ഐക്യ സർക്കാരല്ല, ജനങ്ങളുടെ സർക്കാരാണ്" എന്നതായിരുന്നു ഇത്തവണത്തെ അൺഫ്രീഡം മാർച്ചിന്റെ പ്രമേയം. എബിഎം തെരഞ്ഞടുപ്പുകളിൽ പങ്കാളികളാവുന്നില്ല. പലസ്തീൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സ്വാസിലാൻഡ് എന്നിവയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക പോരാട്ടങ്ങളെ വിശാലമായ സാമ്രാജ്യത്വ വിരുദ്ധ, മുതലാളിത്ത വിരുദ്ധ പ്രതിരോധവുമായി ബന്ധിപ്പിച്ചു കാണണം. "ജനങ്ങളുടെയും, തൊഴിലാളിവർഗത്തിന്റെയും, കുടിയിറക്കപ്പെട്ടവരുടെയും, പുറത്താക്കപ്പെട്ടവരുടെയും ശക്തിക്ക് മാത്രമേ താഴെ നിന്ന് ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കാൻ കഴിയൂ." എന്നും വാദിക്കുന്നു. അടിത്തട്ടിൽ നിന്നുള്ള കരുത്തിൽ പടുത്ത ജനാധിപത്യ പ്രസ്ഥാനം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.










0 comments